Monday 24 December 2018

ഒരു ക്രിസ്മസ് കാല ഓർമകൾ

ക്രിസ്മസ് അല്ലെ...മ്മക്ക് ഒരു കരോൾ ഇറക്കിയാലോ..

ചുമ്മാ കത്തി അടിച്ചു  കടയുടെ മുന്നിൽ ഇരുന്ന പിള്ളേർ സെറ്റിൽ ആരോ പറഞ്ഞു..അതെ അതു നല്ല ഐഡിയ ആണല്ലോ..മ്മക്ക് പൊറോട്ടയും ബീഫും അടിക്കാൻ പൈസ തടയും..

അങ്ങനെ ദ്രുതഗതിയിൽ ഷെയർ ഇടലും കഴിഞ്ഞു ഹെൻസി ബേക്കറി ആൻഡ് സ്റ്റേഷനറി ലേക്ക് വെച്ച് പിടിച്ചു രണ്ടു മൂന്ന് പേർ..

ആകെ മുഷിഞ്ഞു രണ്ടു മൂന്നു വർഷം ആയി ജോസേട്ടന്റെ ഹെൻസി ബേക്കറി ആൻഡ് സ്റ്റേഷനറിയിൽ പൊടി പിടിച്ചിരുന്ന ആ ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി പുറത്തോട്ടു നോക്കിയപ്പോൾ ദാ നിക്കുന്നു രണ്ടു മൂന്ന് മണ്ടന്മാർ.. ജോസേട്ടൻ ഏകദേശം 20 രൂപയ്ക്കു വാങ്ങിയ ആ  മുഖം മൂടിയും ചുവപ്പ്  ഉടുപ്പും  ഡിസ്‌കൗണ്ട് ഉണ്ട് എന്ന് പറഞ്ഞു 50 രൂപയ്ക്കു അവർക്കു വിറ്റു..ഒപ്പം കുറച്ചു ബലൂണും, ജീരകമിട്ടായിയും വാങ്ങി അവർ തിരിച്ചു വാകയിൽ മൂല ഉന്നം വച്ചു വേഗം നടന്നു ..മുഖംമൂടി അവരെ നോക്കി  ഒന്ന് ആക്കി ചിരിച്ചെങ്കിലും അവർ കരോൾ ഇറക്കുന്ന ആവേശത്തിൽ ആയതിനാൽ അതൊന്നും  ശ്രദ്ധിചില്ല..

അപ്പൊ ആരാ ക്രിസ്തുമസ് അപ്പൂപ്പൻ ആവാ? ചോദ്യം കേട്ടു എല്ലാവരും വിബി മോന്റെ മുഖത്തേക്ക് നോക്കി.. കൂട്ടത്തിൽ ഇത്തിരി തടി കൂടുതൽ ആശാന് ആണ്..ആദ്യം സമ്മതിച്ചില്ല എങ്കിലും അവസാനം ജീരകമിട്ടായി പോക്കറ്റിൽ വരും എന്ന് ഓർത്തപ്പോൾ വിബിമോൻ സമ്മതിച്ചു...വായ നോക്കാൻ തയ്യാറായി നിന്ന ജിനോയ്, ദീപു,പ്രവീൺ,വിവേക്  എന്നിവരും..കടവി ബോയ്സ് ഉം പിന്നെ പാവം ഞാനും കൂടെ അങ്ങനെ വിബി മോനെ വേഷം കെട്ടിച്ചു..

ആദ്യം നമുക്ക് ജിനോയ് ടെ വീട്ടിൽ നിന്ന് തുടങ്ങാം..ദീപു മോൻ പറയണ കേട്ട ജിനോയ് പല്ല് കടിച്ചു ഒരു ചിരി പാസ്സ്  ആക്കി..അങ്ങനെ പോവാൻ തയ്യാറായി നിൽക്കുമ്പോൾ..ദാ വരുന്നു ചെങ്സാൻ..
'എങ്ങടാ ഘെഡിസ്..ഞാനും വരട്ടെ കരോൾന്.. '
ആൾ കുറവായതിനാൽ അവർ സന്തോഷത്തോടെ സമ്മതിച്ചു..

ആദ്യത്തെ വീട്...അമ്പലത്തിനു അപ്പുറത്തുള്ള ഒരു വീട്..അവിടെ കേറി ജിംഗിൽ ബെൽസ് പാടി തുടങ്ങി..ആദ്യ രണ്ടു വരി അല്ലാതെ ആർക്കും അതു  മുഴുവൻ അറിയില്ല..രക്ഷകൻ ആയി ചെങ് സെൻ വന്നു..

ചിലമ്പൊലി കാറ്റേ..ഒന്ന് ചുറ്റിയടിച്ചാട്ടെ..

വെള്ളം അടിച്ചു ഫിറ്റ്‌ ആയ  ആ വീട്ടിലെ ചേട്ടൻ സന്തോഷം കൊണ്ട് ഡാൻസ് ചെയ്തു..ക്രിസ്മസ് അപ്പൂപ്പൻ അഥവാ വിബിമോന് ഒരു നിമിഷം കോസ്റ്റും ഊരി ആ ചേട്ടന് കൊടുത്താലോ എന്ന് പോലും തോന്നി...

ആദ്യ വീട്ടിൽ നിന്ന് കിട്ടിയ 10 രൂപ അവരുടെ ആത്മവിശ്വാസം കൂട്ടിയിരുന്നു..അങ്ങനെ വീടുകൾ കയറി ഇറങ്ങി അവർ അവിടെ അടുത്തുള്ള സിസ്റ്റുമാർ താമസിക്കുന്ന കോൺവെന്റിൽ എത്തി..ഇതിനിടയിൽ നല്ല ചില പെൺകുട്ടികൾ ഉള്ള വീടുകളിൽ എത്തുമ്പോൾ ക്രിസ്മസ് അപ്പൂപ്പൻ മുഖം മൂടി ഊരാൻ ശ്രെമങ്ങൾ നടത്തി എങ്കിലും ബാക്കി ഉള്ള വായ്നോക്കികൾ അതിനു അനുവദിച്ചില്ല..എന്ന്
മാത്രമല്ല..പെൺകുട്ടികൾ ക്കു കൂടുതൽ ജീരക മിട്ടായി കൊടുത്തതിനെ ചൊല്ലി ചെറിയ വാക്കു തർക്കവും ഉണ്ടായി..
'നിങ്ങൾക്കു  വേണമെങ്കിൽ ഞാൻ ഇതു ഊരി തരാം..നിങ്ങൾ ആയിക്കോ അപ്പൂപ്പൻ..'എന്നാ ഭീഷണിയിൽ അതു എരിഞ്ഞു അടങ്ങി..

ആഹ്..തിരിച്ചു കോൺവെന്റിൽ വരാം..
സിസ്റ്റുമാർ സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റു..സ്ഥിരം രണ്ട് വരി ജിംഗിൽ ബെൽസ് പാടി പരിപാടി ഒതുക്കാൻ നോക്കിയ ഞങ്ങളെ സിസ്റ്റുമാർ വിടാൻ ഒരുക്കം അല്ലായിരുന്നു..കൂടെ ഉള്ള നസ്രാണികൾ..(ഒരു ക്രിസ്തീയ ഗാനം പോലും അറിയാത്ത ഊളകൾ ) പിന്നിൽ നിന്നപ്പോൾ സിസ്റ്റുമാർ തന്നെ പാടി..
ഒരു പ്ലേറ്റ് നിറയെ കേക്ക് ആയി വന്ന സിസ്റ്ററെ കണ്ടതോടെ ക്രിസ്തുമസ് അപ്പൂപ്പൻ ഇതിനോടകം തന്നെ ജീരക മിട്ടായി തിന്നു കളർ ഇളകിയ മുഖം മൂടി ഊരി എറിഞ്ഞു ഒരു വലിയ കഷ്ണം കേക്ക് അകത്താക്കി..

അങ്ങനെ എല്ലാം കഴിഞ്ഞു 110 രൂപ ലാഭത്തിൽ ആ കരോൾ അവസാനിപ്പിച്ചു..പൊറോട്ടയും ബീഫും അടിച്ചു കൊണ്ട് അടുത്ത ക്രിസ്മസ് കരോൾ അന്ന് തന്നെ പ്ലാൻ ചെയ്തു എല്ലാരും പിരിഞ്ഞു പോയി.. ഇറക്കം ഇറങ്ങി വീട്ടിൽ കേറാൻ പോകുമ്പോൾ റോഡിൽ കൂടെ പോവുന്ന ഒരു ചേട്ടൻ നോക്കി ചിരിച്ചു..

ഹാപ്പി ക്രിസ്മസ് ട്ടാ..

Monday 11 November 2013

നൊസ്റ്റാൾജിയ



നൊസ്റ്റാൾജിയ - പതിനൊന്നു വർഷങ്ങൾക്കു മുൻപ് മരണ കുറിപ്പിൽ അങ്ങനെ ഒരു വാക്ക് ചേട്ടൻ എഴുതി വച്ചിരുന്നു...പ്രേമനൈരാശ്യം എന്നാണ് അതിന്റെ അർത്ഥം എന്ന് ആരോ പറയുന്ന കേട്ടു..നൊസ്റ്റാൾജിയ പ്രേമനൈരാശ്യം ആണോ എന്ന് വെറുതെ എങ്കിലും എനിക്കും തോന്നാതിരുന്നില്ല.. വീട്ടിൽ നിന്ന് മാറി നിന്ന് ഒരുപാടു വര്ഷങ്ങള്ക്ക് ശേഷം തിരിച്ചു വന്നപ്പോൾ പണ്ട് ചെയ്യാറുള്ളത് പോലെ മുകളിലെ മുറിയിൽ ജനലുകൾ തുറന്നിട്ട്‌, ഇലകളിൽ അമ്മാനമാടി പതിയെ താഴോട്ട് പതിക്കുന്ന മഴത്തുള്ളികളെ നോക്കി കിടന്നപ്പോൾ മനസ്സ് ഒന്ന് ചിരിച്ചു..


പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു മുന്നിൽ ഉള്ള തമിഴൻ അണ്ണന്റെ തട്ട് കടയില നിന്നും പണ്ടു വെറുപ്പോടെ കഴിച്ചിരുന്ന മഞ്ഞ നിറത്തിൽ ഉള്ള നാരങ്ങ ചോറ് വര്ഷങ്ങള്ക്ക് ശേഷം ആർത്തിയോടെ വാരി തിന്നുമ്പോഴും ചിരി വന്നു..


ആകാശത്തിൽ പല തരത്തിൽ ചിത്രങ്ങൾ വരയ്ക്കുന്ന മേഘ കൂട്ടങ്ങളെ നോക്കി അമ്പലപറമ്പിൽ പണ്ട് കിടന്നിരുന്ന പോലെ കിടന്നപ്പോഴും അതെ ചിരി മനസ്സിൽ മിന്നി മറഞ്ഞു..


ബാല്യകാലം മുഴുവൻ ആഘോഷമാക്കി കളിച്ചു നടന്നിരുന്ന പാടത്ത് വൈകുന്നേരം കാറ്റ് കൊണ്ട് ഇരുന്നപ്പോൾ, ആരോ നടന്നു പോയ കാല്പാടുകൾ നോക്കി അത് വര്ഷങ്ങള്ക്ക് മുൻപ് ഞാൻ കളിക്കുമ്പോൾ ഉണ്ടായ കാല്പാടുകൾ ആണോ എന്ന് വെറുതെ..തികച്ചും വെറുതെ സങ്കൽപ്പിച്ചപ്പോഴും മനസ്സ് ഒന്ന് ചിരിച്ചു..


ആദ്യമായി പ്രേമിച്ച പെണ്‍കുട്ടിയെ കാണാൻ പണ്ട് നടന്ന വഴികളിലൂടെ പഴയ കഥകൾ പറഞ്ഞു ചിരിച്ചു എന്റെ ജീവിത സഖിയോടൊപ്പം വീണ്ടും നടന്നപ്പോഴും അതെ ചിരി..


വെറുതെ വെറുതെ ചിരിക്കുന്നവർ മാനസിക രോഗികൾ ആണത്രെ..എങ്കിൽ ഞാനും മാനസിക രോഗി ആകണമല്ലോ..ഇങ്ങനെ ഒക്കെ ആലോചിക്കുമ്പോൾ ഒരു സംശയം തോന്നുന്നു..അപ്പൊ ഈ ചിരിക്കുന്നതിനെ ആണോ നൊസ്റ്റാൾജിയ എന്ന് പറയുന്നത്...

Thursday 14 February 2013

വലെന്റിനെസ് ഡേ

ഇല്ല...ഞങ്ങള്‍ ഒരു വാലെന്റിന്‍ ദിനവും ആഘോഷിച്ചിട്ടില്ല...പക്ഷെ പ്രണയം അത് അതിന്‍റെ എല്ലാ വിധ സ്വാഭാവികതകളോടും കൂടി തളിര്‍ത്തിരുന്നു...നേരം തെറ്റി പെയ്ത ഒരു മഴ...അതില്‍ പക്ഷെ എവിടെയോ അത് മുങ്ങി പോയി..വേദന കലര്‍ന്ന അവളുടെ ആ കണ്ണുകള്‍...അത് ഇന്നും എന്നെ കുത്തി നോവിക്കുന്നു..മറ്റേതു ദിനവും പോലെ വീണ്ടും ഒരു വാലന്‍ന്റൈന്‍..എത്ര മറക്കാന്‍ ശ്രെമിച്ചിട്ടും മറക്കാന്‍ കഴിയാത്ത ആ കണ്ണുകള്‍...അതൊരു ഓര്‍മയായി വീണ്ടും താലോലിക്കാന്‍ എനിക്കൊരു വാലന്‍ന്റൈന്‍ വേണ്ട..എങ്കിലും മറ്റുള്ളവരുടെ ആഘോഷങ്ങള്‍ക്കിടയില്‍ അവള്‍ക്കു വേണ്ടി ഞാന്‍ ഒരു റോസാ പുഷ്പം ആരുമറിയാതെ മാറ്റി വെച്ചു...

Wednesday 23 May 2012

വിട

ഇന്നു അവന്‍ ഈ സ്ഥാപനത്തോട് വിട പറയുകയാണ്..നീണ്ട അഞ്ചു വര്‍ഷത്തെ സമയത്തിന് ശേഷം വിട പറയുന്ന അവന്‍റെ ആദ്യ ദിവസം പെട്ടന്ന് ഓര്‍മ വന്നു..പതിവ് പോലെ ഓഫീസില്‍ വന്നു കസേരക്കരികില്‍ എത്തിയപ്പോള്‍; അതാ എന്‍റെ സീറ്റില്‍ ഏതോ ഒരുത്തന്‍ ഇരിക്കുന്നു..കണ്ടാല്‍ ഒരു പാവത്താന്‍...അവന്‍ എന്നെ നോക്കി പതിയെ ചിരിച്ചു...എന്‍റെ കസേരയില്‍ ഇരുന്നതിന്റെ  അരിശം മുഖത്ത് കാണിക്കാതെ ഞാന്‍ അരികില്‍ കിടന്ന ഒരു കസേര വലിച്ചു അടുത്തിരുന്നു...പുതിയതായി ജോലിക്ക് കയറിയ സഖാവ് മലയാളി ആണ്...മുന്‍പ് ഞാന്‍ ഒരിക്കല്‍ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്..ഏതോ എക്സ്ചേഞ്ച് ഇല്‍ ആയിരുന്നുത്രേ മുന്‍പ് ജോലി..ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ പറഞ്ഞു കൊടുത്തു..അന്ന് ഒരുമിച്ചു ആണ് ഭക്ഷണം കഴിക്കാന്‍ പോയത്..അന്ന് തുടങ്ങിയ സൗഹൃദം.അഞ്ചു വര്‍ഷം കടന്നു പോയത് എത്ര പെട്ടന്നാണ്..

കാലത്ത് ഒന്‍പതു മണി ആയപ്പോള്‍ ഫോണ്‍ വന്നു...'എടാ...ചായ കുടിക്കാന്‍ പോവാം..' കഴിഞ്ഞ പല വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ശീലം..അവനെ കൊണ്ട് ചായ ഉണ്ടാക്കിച്ചു, അവന്‍ കൊണ്ട് വരുന്ന  സാന്‍ഡ് വിച്  കൃത്യമായി പകുതിയാക്കി കഴിച്ചും ഓഫിസ് പാന്‍ട്രി യില്‍ വെടി പറഞ്ഞിരിക്കുന്ന ശീലം..'നാളെ മുതല്‍ നീ എന്ത് ചെയ്യും...നിനക്ക് എന്‍റെ കൂടെ ഇരുന്നു ചായ കുടിക്കാനുള്ള ഭാഗ്യം നഷ്ടപെടുകയല്ലേ..' ഞാന്‍ ചോദിക്കുന്നത് കേട്ട് അവന്‍ ചിരിച്ചു....' ഞാന്‍ കാലത്ത്  ഇവിടെ വന്നു നിനക്ക് ചായ ഉണ്ടാക്കി തന്നിട്ട് പോകാം ...എന്തേ? '  

കുറച്ചു കഴിഞ്ഞു അവന്‍റെ സീറ്റില്‍ പോയപ്പോള്‍ അവന്‍ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു..ആരോ അടുത്ത് വന്നത് കണ്ടു പെട്ടന്ന് അവന്‍ അത് മറച്ചു.പിന്നെ ഞാന്‍ ആണെന്ന് കണ്ടപ്പോള്‍ വീണ്ടും ടൈപ്പ് ചെയ്യാന്‍ തുടങ്ങി..'ഓഹോ...പിരിഞ്ഞു പോകുന്നവന്‍റെ അവസാന നുണ പറച്ചില്‍ ആണല്ലേ..' ഞാന്‍ ചോദിച്ചു..ഇത്രയും എന്നെ വളരാന്‍ സഹായിച്ച മാനേജര്‍ക്ക് എന്‍റെ സ്നേഹത്തില്‍ ചാലിച്ച വിട...നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മാങ്ങതോലി ആയി പോയേനെ എന്നൊക്കെയുള്ള സ്ഥിരം നുണകള്‍..ഇന്നു കാലത്ത് ചായ കുടിക്കുമ്പോള്‍ കൂടെ ചീത്ത വിളിച്ച മാനേജര്‍ നെ പറ്റി തന്നെ ആണല്ലോ ഇതു എഴുതുന്നത്‌ എന്നു ഓര്‍ത്തപ്പോള്‍ ചിരി വന്നു...എന്നാണാവോ എനിക്കും ഇതു പോലെ നുണകള്‍ എഴുതാന്‍ കഴിയുക...

ഉച്ചക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ അവന്‍ ചോദിച്ചു..'എടാ ഒരു ബിരിയാണി വാങ്ങി പകുതി പകുതി കഴിച്ചാല്‍ പോരെ..വിശപ്പില്ല..' ഇനി ഇവിടെ നിന്നു ഭക്ഷണം കഴിക്കാന്‍ കഴിയില്ല എന്നു അവനെ ഓര്‍മിപ്പിച്ചു ഞാന്‍ പറഞ്ഞു..' ബാക്കി വന്നാല്‍ ഞാന്‍ കഴിച്ചോളാം..ഇന്നു അവസാന ദിവസമായിട്ടു പകുതി ആക്കണ്ട' അങ്ങനെ ഭക്ഷണം വാങ്ങി ഞങ്ങള്‍ തിരിച്ചു പോയി...പറഞ്ഞ പോലെ തന്നെ അവനു അത് മുഴുവന്‍ കഴിക്കാന്‍ കഴിഞ്ഞില്ല..പിന്നെ എന്നെത്തെയും പോലെ ഞാന്‍ അത് മുഴുവനും കഴിച്ചു തീര്‍ത്തു..(എന്താണെന്നറിയില്ല..എനിക്ക് ഭക്ഷണം കളയാന്‍ പണ്ടേ ഇഷ്ടമല്ല...)

അവന്‍ അയച്ച വിട കുറിപ്പില്‍...എല്ലാവര്‍ക്കും നന്ദി പറഞ്ഞ കൂട്ടത്തില്‍ എന്‍റെയും, വേറെ സുഹ്രത്തിന്റെയും പേര് വെച്ചില്ല ഇന്നു പറഞ്ഞു ഞങ്ങള്‍ അവനെ ചൊടിപ്പിച്ചു..അഞ്ചു മണി ആവുമ്പോഴേക്കും അവന്‍ വിളിച്ചു ചോദിച്ചു' എടേ..പോകാം...' ഞാന്‍ പറഞ്ഞു.. ' ചേട്ടാ...നീ മാത്രമേ ഇവിടെ നിന്നു വിട പറയുന്നുള്ളൂ...നീ നിന്‍റെ സ്വന്തം ഇഷ്ടത്തിന് പോകുമ്പോള്‍ , ഇവന്മാര്‍ എന്നെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കണം എന്നുള്ളതാണോ നിന്‍റെ ഉദ്ദേശം?' അങ്ങനെ അവസാനം ആറു മണി ആയപ്പോള്‍ ഞങ്ങള്‍  ഇറങ്ങി...ലിഫ്റ്റില്‍ താഴേക്ക്‌ ഇറങ്ങി പുറത്തോട്ടു നടക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി...മുഖവും, ചെവിയും എല്ലാം ചുവന്നിരിക്കുന്നു...കൂടെ ഉണ്ടായിരുന്ന വേറെ കൂട്ടുകാരന്‍ ചോദിച്ചു...'നിനക്ക് കരച്ചില്‍ വരുന്നുണ്ടോ...' മറുപടി ആയി അവന്‍ പറഞ്ഞു...'ഇല്ല..ഇവിടെ നിന്നു രക്ഷപെടുന്നതിന്റെ സന്തോഷമാണ്...ഞങ്ങള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു... ഞങ്ങള്‍ വേറെ എന്തൊക്കെയോ സംസാരിച്ചു മുന്നോട്ടു നടക്കുന്നതിനു ഇടയില്‍ അവന്‍  അഞ്ചു വര്‍ഷം താന്‍ ജോലി ചെയ്തിരുന്ന ആ കെട്ടിടത്തിലേക്ക് അവന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു...

Sunday 11 March 2012

......

എന്താണീ മരണം..ഇഷ്ടപെട്ട പലരും നഷ്ടപെട്ടപോഴെല്ലാം ചിന്തിച്ചിരുന്ന ഒരു വിഷയം..എപ്പോഴും ചിരിച്ചു കണ്ട മുഖങ്ങള്‍ ശാന്തമായി കാണുമ്പോള്‍ മനസിന്‍റെ ആഴത്തില്‍ നിന്നും അനുഭവപെട്ടിരുന്ന വേദനയുടെ ഒരു വേലിയേറ്റം..അത് നിയന്ത്രിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു..സ്വന്തമെന്നു അഹങ്കരിച്ചിരുന്ന പലരും യാത്ര പോലും പറയാതെ പോയി..ഒരുമിച്ചു പങ്കിട്ട പല മുഹൂര്‍ത്തങ്ങളും പിന്നീടു വേദന കലര്‍ന്ന ഓര്‍മയായി അവശേഷിച്ചു..ഒന്നും ചോദിക്കാതെയും പറയാതെയും വേണ്ടപെട്ടവരെ കൂട്ടി കൊണ്ട് പോകുന്ന മരണത്തോട് എന്നും ഒരു പരിഭവമായിരുന്നു..മറവി മനുഷ്യന് കിട്ടിയ അനുഗ്രഹമാണ് എന്നു ഒരു സുഹ്രത്ത് പറഞ്ഞപ്പോള്‍ തര്‍ക്കിച്ചത് ഓര്‍ക്കുന്നു..പിന്നീട് അവനോടു ഞാന്‍ യോജിക്കുന്നു എന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും പറഞ്ഞാല്‍ കേള്‍ക്കാവുന്ന ദൂരത്തു അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല..പലപ്പോഴും ദേഷ്യം തോന്നിയിരുന്ന ആളുകളെ ഞാന്‍ എത്ര ഇഷ്ടപെട്ടിരുന്നു എന്നു മനസിലാക്കാന്‍ മരണത്തെ കൂട്ട് പിടിക്കേണ്ടി വന്നു..പെയ്തൊഴിഞ്ഞ മഴയുടെ നനവില്‍ കാര്‍മേഘത്തിന്റെ മൂടുപടം അണിഞ്ഞു നില്‍ക്കുന്ന പ്രകൃതി..അകലെ എവിടെയോ എരിയുന്ന ഒരു വിളക്കു തന്നെ തലോടി അണക്കാന്‍ വരുന്ന ഇളം കാറ്റിനെ നോക്കി പുഞ്ചിരിച്ചു..

Monday 25 July 2011

ഡ്രീംസ്‌..!!

അവന്‍ പതുക്കെ എണീറ്റ്‌ സമയം നോക്കി...പുലര്‍ച്ചെ മൂന്നു മണി ആകുന്നു...രാത്രി മുഴുവന്‍ ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും അവനു അതിനു കഴിഞ്ഞിരുന്നില്ല...നല്ല തണുപ്പുള്ള ഒരു ദിവസമായിരുന്നിട്ടും അവന്‍ വിയര്‍ത്തു കുളിച്ചു..താന്‍ എഴുതി വെച്ച എഴുത്ത് അവന്‍ ഒന്ന് കൂടി വായിച്ചു നോക്കി...നാല് വരി മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും അതെഴുതാന്‍ ആ രാത്രി മുഴുവന്‍ അവനു വേണ്ടി വന്നു..

എവിടെ ആണ് പിഴച്ചത്...അവന്‍റെ കണ്ണുകള്‍ നിറഞ്ഞു...പണ്ട് മുതലേ അവന്‍ നന്നായി പഠിക്കുമായിരുന്നു..പഠനേതര കാര്യങ്ങളിലും എന്നും മുന്നിട്ടു നിന്നു..വീട്ടുകാര്‍ക്കിടയിലും മറ്റു കുട്ടികള്‍ക്ക് അവന്‍ തന്നെ ആയിരുന്നു മാതൃക...ഉയര്‍ന്ന മാര്‍ക്കോട് കൂടി പാസ്‌ ആയി എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന അവനു പഠനം ഒരു ഹരമായിരുന്നു..എല്ലാം തകര്‍ത്തത് ഒരു പതിനാലുകാരന്റെ അശ്രദ്ധ ആയിരുന്നു..ആ പയ്യന്‍ ഓടിച്ച ഓട്ടോറിക്ഷ അവന്‍റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു..

പിന്നീടു ഓര്‍മ വരുമ്പോള്‍ അവന്‍ ആശുപത്രി കിടക്കയില്‍ അനങ്ങാന്‍ വയ്യാതെ കിടക്കുകയായിരുന്നു...'രക്ഷപെടാന്‍ നൂറില്‍ ഇരുപതു ശതമാനം സാധ്യതയുള്ള ഒരു അപകടത്തില്‍ നിന്നാണ് താന്‍ രക്ഷപെട്ടിരിക്കുനത്' ഡോക്ടര്‍ പറയുന്ന കേട്ട് അവന്‍റെ കണ്ണുകളില്‍ നിന്നു ഒരു തുള്ളി കണ്ണീര്‍ താഴേക്കൊഴുകി...അത് താന്‍ രക്ഷപെട്ടതിലുള്ള സന്തോഷത്തിലാണോ, അതോ തന്‍റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ടാണോ എന്നു അവനു പോലും സംശയം തോന്നി..നാല് മാസത്തെ ആശുപത്രി ജീവിതത്തിനു ശേഷം അവന്‍ വീട്ടില്‍ തിരിച്ചെത്തി...താന്‍ ചെറുപ്പം മുതലേ ഓടി നടന്നിരുന്ന വീട്ടു മുറ്റത്ത്‌ കൂടി അച്ഛന്‍റെ തോളില്‍ കൈ താങ്ങി പതുക്കെ അവന്‍ നടന്നു..പിന്നെ കുറെ നാളത്തേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു...തന്നെ ആശ്വസിപ്പിക്കാന്‍ വരുന്നവരുടെ വാക്കുകള്‍ പക്ഷെ അവനു ആശ്വാസത്തിലുപരി വേദനയാണ് നല്‍കിയത്..അടഞ്ഞ മുറിയിലെ ജീവിതം തന്‍റെ സമനില തെറ്റിക്കുമോ എന്നു അവന്‍ ഭയന്നു..

പതിയെ അവന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു...മൂന്നു മാസം കഴിഞ്ഞാല്‍ അവസാന വര്‍ഷ പരീക്ഷയാണ്‌...
പഠിക്കാനായി അവന്‍ ഇരുന്നു എങ്കിലും ഒന്നും അവന്‍റെ മനസ്സില്‍ ഉറച്ചില്ല..ഒടിഞ്ഞ എല്ലിനു പകരം സ്റ്റീല്‍ റോഡ്‌ ഇട്ട തന്‍റെ കാലില്‍ അവന്‍ പതിയെ ഒന്ന് തടവി..'ഈശ്വരാ...എനിക്കെന്താണ് സംഭവിക്കുന്നത്‌..ഇതിനും മാത്രം എന്ത് പാപമാണ് ഞാന്‍ ചെയ്തത്' ദിവസങ്ങള്‍ കഴിയുംതോറും അവനു ഒരു കാര്യം മനസിലായി...പഴയ പോലെ പഠിക്കാനോ, കളിക്കാനോ തനിക്കു കഴിയില്ല..തന്നെ പുകഴ്ത്തിയിരുന്ന അതേ ആളുകള്‍ ഇപ്പോള്‍ തന്‍റെ അവസ്ഥയെ പറ്റി പരിതപിക്കുകയും, മറ്റു ചിലര്‍ അത് പറഞ്ഞു തന്നെ കളിയാക്കുകയും ചെയ്യുന്നു എന്നു അവനു മനസിലായി...ഒരുപാട് അവന്‍ ശ്രെമിച്ചു എങ്കിലും മനസിനെ ഏകാഗ്രമാക്കാനോ ,പഠിച്ചതൊന്നും ഓര്‍മിക്കാനോ അവനു കഴിഞ്ഞില്ല..

നവംബര്‍ മാസത്തിലെ ഒരു രാത്രി..തനിക്കു സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനു ലഭിച്ച സ്വര്‍ണ പതക്കം അവന്‍ എടുത്തു കയ്യില്‍ വച്ചു..നാളെ പരീക്ഷ തുടങ്ങുകയാണ്..ഇന്നു വരെ പരീക്ഷ എഴുതാന്‍ താന്‍ ഒരു പ്രതേക ആവേശത്തോടെ ആണ് പോയിട്ടുള്ളത്...മറ്റു കുട്ടികളെ പോലെ അവനു പരീക്ഷ ഒരു പേടി സ്വപ്നമായിരുന്നില്ല...പക്ഷെ ആദ്യമായി അവന്‍ ആ പേടി അനുഭവിച്ചറിഞ്ഞു..അപ്പുറത്തെ മുറിയില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന അച്ഛനോടും അമ്മയോടും അവന്‍ പോയി ശുഭരാത്രി നേര്‍ന്നു..'നാളെ കാലത്ത് നേരത്തെ വിളിക്കണംട്ടോ...ആറരയുടെ ബസില്‍ പോകാനുള്ളതാ' അച്ഛനോടും, അമ്മയോടും ഇതു പറയുമ്പോള്‍ അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു..

അവന്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തു കിടന്നു..അച്ഛന്‍, അമ്മ, ചേച്ചി, ബന്ധുക്കള്‍, കൂട്ടുകാര്‍..എല്ലാവരുടെയും മുഖം അവന്‍റെ മനസിലൂടെ മിന്നി മറഞ്ഞു..സമയം നാല് മണിയോടടുക്കുന്നു..താന്‍ എഴുതിയ കത്ത് അവന്‍ മേശ പുറത്തു വച്ചു..പത്താം തരാം മുതല്‍ തനിക്കു കിട്ടിയ മാര്‍ക്കുകളാണ് അവന്‍ ആ കത്തില്‍ എഴുതി പിടിപ്പിച്ചത്..തന്‍റെ ജീവിത ലക്‌ഷ്യം പഠിക്കുക എന്നതാണ്..അതിനു സാധിക്കാതെ ഈ ലോകത്ത് ജീവിക്കാന്‍ തനിക്കു അവകാശമില്ല..മേശ പുറത്തിരുന്ന ചിത്രത്തിലേക്ക് അവന്‍ നോക്കി..അനിയന്മാരോടോപ്പം ചെറുപ്പത്തില്‍ എടുത്ത ആ ചിത്രത്തില്‍ പല്ലില്ലാതെ ചിരിക്കുന്ന തന്‍റെ മുഖം അവനില്‍ ഒരു പുഞ്ചിരി വിടര്‍ത്തി...കിണറ്റിന്‍ കരയില്‍ നിന്നും താന്‍ തലേദിവസം എടുത്തു മാറ്റി വെച്ചിരുന്ന കയര്‍ എടുത്തു അവന്‍ പുറത്തേക്കു നടന്നു..അകലെ ഒരു ചീവീട് അവനെ തടയാനെന്നോണം ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു...

Tuesday 28 June 2011

ശുക്ലപക്ഷം

മനോഹരമായ ഒരു ദിവസം..ശുക്രന്‍ തലയ്ക്കു മീതെ തന്നെ എന്നു തോന്നും പോലെ മനോഹരമായ ഒരു ദിവസം...കാലത്തെ കേള്‍ക്കുന്നത് ഒപ്പം താമസിക്കുന്ന ചേട്ടന്‍റെ ഒരു സഹോദരി തളര്‍ന്നു വീണു പക്ഷാപാതം സംഭവിച്ചു തീവ്രപരിചരണ വിഭാഗത്തിലാണ് എന്ന വാര്‍ത്തയാണ്...തലേ ദിവസം തളര്‍ന്നു വീണ അവര്‍ക്ക് കാലത്ത് ഒരു ഹൃദയആഘാതം കൂടി വന്നുത്രേ...രക്ഷപെടുന്നതിനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ് എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു...അവര്‍ രക്ഷപെടാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു എങ്കിലും ഇതു എഴുതുന്ന സമയത്തിന് വളരെ മുന്‍പ് തന്നെ അവര്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു..

ജോലി സംബന്ധമായ ആവശ്യത്തിനു ചെന്നൈ നഗരത്തില്‍ പോകാന്‍ ഞാന്‍ തയ്യാറായി നിന്നു..ഒരാഴ്ച ചെന്നൈ നഗരത്തില്‍ ട്രെയിനിംഗ് കൊടുക്കുക അതിനു ശേഷം നാട്ടില്‍ പോയി ഒരാഴ്ച നിക്കുക എന്നതായിരുന്നു എന്‍റെ അജണ്ട...സ്വതവേ അവസാന നിമിഷം മാത്രം ബാഗ്‌ ഒതുക്കുന്ന ഞാന്‍ ഇന്നു നേരത്തെ തന്നെ എല്ലാം തയ്യാറാക്കി വച്ചു..വീട്ടിലേക്ക് വേണ്ടുന്ന ചില ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ചേട്ടന്‍ വരാമെന്ന് പറഞ്ഞിരുന്നു..വൈകുന്നേരം മൂന്നു മണിക്കാണ് വിമാനം പുറപ്പെടുന്നത്..പത്തു മണിയോടെ ചേട്ടന്‍ ഞങ്ങളുടെ ഒരു കൂട്ടുകാരനോടൊപ്പം എത്തി...ഞങ്ങള്‍ പോയി ചില സാധന സാമഗ്രികള്‍ എല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്ക് നടന്നു...വിമാനത്താവളത്തില്‍ പോകുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കെണ്ടാതിനാല്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി...'ഇവിടെ ഇരുന്നു കഴിക്കാന്‍ പറ്റില്ല, പ്രാര്‍ത്ഥന സമയമാണ്..പാര്‍സല്‍ ആക്കി തരാം..ഹോട്ടലിലെ ആള്‍ പറഞ്ഞു...ഓ ആയിക്കോട്ടെ....ഞങ്ങള്‍ പാര്‍സല്‍ വാങ്ങി വീടിലേക്ക്‌ നടന്നു...ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി...'ചേട്ടനു ഒരുപാടു ദൂരം പോകേണ്ടതല്ലേ...ഞാന്‍ ഒരു ടാക്സി വിളിച്ചു പോയ്കൊള്ളം...നിങ്ങള്‍ രണ്ടു പേരും വരണമെന്നില്ല..' ഞാന്‍ പറഞ്ഞു.. അങ്ങനെ ഒരു വണ്ടി വിളിച്ചു ഞാന്‍ വിമാനത്താവളത്തില്‍ പോയി...പെട്ടിയും കിടക്കയുമായി ഉള്ളില്‍ കയറിയപ്പോള്‍ ഒരു കാര്യം മനസിലായി...വിമാനത്താവളം മാറി പോയി...

പുറത്തിറങ്ങി ടാക്സി ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല..പെട്ടന്ന് നോക്കിയപ്പോള്‍ അടുത്ത് മെട്രോ റെയില്‍വേ സ്റ്റേഷന്‍...പോകേണ്ട വിമാനത്താവളം അടുത്ത സ്റ്റേഷന്‍ ആണ്...അവിടെ ഓടി കയറി നോക്കിയപ്പോള്‍ അഞ്ചു മിനിട്ട് ഇടവേളയില്‍ വരുന്ന ട്രെയിന്‍ പതിനഞ്ചു മിനിട്ട് നേരം വൈകിയാണ് വരുന്നത്...ചേട്ടനെ വിളിച്ചു ഞാന്‍ പറഞ്ഞു..'ഒരു ചെറിയ അക്കിടി പറ്റി..വിമാനത്താവളം ഒന്ന് മാറി പോയി...കുഴപ്പമില്ല...ചെറിയ ഒരു ബാഗെ ഉള്ളു..അതിനാല്‍ അധികം സമയം എടുക്കില്ല' കുറച്ചു കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു, ഞാന്‍ പെട്ടന്ന് തന്നെ കയറി ഇരുന്നു..പഴയ നമ്പൂതിരി ഫലിതം എനിക്ക് ഓര്‍മ വന്നു..ബസില്‍ കയറി നമ്പൂതിരി പറഞ്ഞുത്രെ 'ഇരിക്കുന്നില്ല...പോയിട്ട് കാര്യം ഉണ്ടേ' അത് പോലെ തന്നെ ആയല്ലോ എന്‍റെ പ്രവര്‍ത്തി എന്നു ആലോചിച്ചപോള്‍ വന്ന ചിരി ഞാന്‍ അടക്കി ..ഞാന്‍ അവസാനം വിമാനത്താവളത്തില്‍ എത്തി..അവിടെ ചെന്ന് പാസ്പോര്‍ട്ടും ടിക്കറ്റ്‌ഉം കൊടുത്തപ്പോള്‍ അവിടെ ഇരിക്കുന്ന പെണ്‍കുട്ടി എന്നെ നോക്കി മനോഹരമായി ചിരിച്ചു...എന്നിട്ട് പറഞ്ഞു ' സര്‍..ഈ വിമാനത്തിനുള്ള സമയം കഴിഞ്ഞു...ഇനി പോകാന്‍ സാധിക്കില്ല..' എന്‍റെ മുഖത്തും ഒരു ചിരി പടര്‍ന്നു...സ്കൂളില്‍ പഠിക്കുമ്പോള്‍ ബസ്‌ കിട്ടാതെ പോയിട്ടുണ്ട്...ആദ്യമായി ആണ് ഒരു വിമാനം കിട്ടാതെ പോകുന്നത്..അടുത്ത വിമാനം രാത്രി ഒന്‍പതു മണിക്കാണ്..ടിക്കറ്റ്‌ മാറാന്‍ അടുത്തുള്ള കൌണ്ടര്‍ ആണ് എന്നു ആ കുട്ടി പറഞ്ഞത് കേട്ട് ഞാന്‍ അങ്ങോട്ട്‌ പോയി...

ഹാ...വീണ്ടും സന്തോഷ വാര്‍ത്ത..ആ വിമാനത്തില്‍ സ്ഥലമില്ല പോലും....'ഇനി ഒഴിവുള്ള വിമാനം എപ്പോഴാണാവോ' മുഖത്ത് ചിരി വരുത്തി ഞാന്‍ ചോദിച്ചു...'സര്‍...നാളെ പുലര്‍ച്ചെ മൂന്നു മണിക്ക് ആണ്' ആ പാവം എന്നെ നോക്കി വിഷമ ഭാവത്തില്‍ പറഞ്ഞു..ഇതില്‍പരം ആഘോഷിക്കാന്‍ എന്ത് വേണം..ചേട്ടനെ വിളിച്ചു ചിരിച്ചു കൊണ്ട് തന്നെ കാര്യം പറഞ്ഞു..'നീ അവരോടു ദേഷ്യപെട്ടു സംസാരിക്കു..' ചേട്ടന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു..'ഞാന്‍ അല്ലെ നേരം വൈകി വന്നത്...ഇനി അവരോടു എന്ത് ദേഷ്യപെടാന്‍...കുഴപ്പമില്ല..' പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു .പന്ത്രണ്ടു മണിക്കൂര്‍ മാത്രം വൈകി ഒരു വിമാനം...വീട്ടില്‍ പോകാന്‍ ഇനി വയ്യ....എന്ത് ചെയ്യും..അപ്പോഴാണ് പാവം ഭട്ടെരിടെ മുഖം ഓര്‍മ വന്നത്...ഭട്ടെരിയെ വിളിച്ചു പറഞ്ഞു...'സഹോദര എന്‍റെ വിമാനം പോയി...അടുത്തത് പുലര്‍ച് മൂന്നു മണിക്കാണ്' കൂടുതല്‍ ഒന്നും ചോദിക്കാതെ തന്നെ അവന്‍ പറഞ്ഞു..'നീ അവിടെ തന്നെ നില്‍ക്കു...ഞാന്‍ ഇതാ വരുന്നു...' ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു...എന്തിനാ ഇപ്പൊ ഞാന്‍ വിളിച്ചത്...മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടാക്കി..എന്താണ് സംഭവിക്കുന്നത്‌...ഇന്ന് ഇത്രയും നല്ല ദിവസം ആകും ഇന്ന് കരുതിയത്‌ പോലും ഇല്ല...ഇന്നത്തോടെ കഷ്ടപ്പാട് തീരുമോ അതോ ഇനിയും ഒരു വാരം കൂടെ തന്നെ ഉണ്ടാവുമോ ആവോ??
അങ്ങനെ ഞാന്‍ എന്‍റെ ചിന്തകളില്‍ മുഴുകി ഭട്ടെരിയുടെ വരവ് കാത്തു ഇരുന്നു...വിമാനം പോയി എന്ന സന്തോഷ വാര്‍ത്ത എന്നെ അറിയിച്ച ആ കുട്ടിയെ വെറുതെ ഞാന്‍ ഒന്ന് നോക്കി..മനസ്സില്‍ എന്ത് കരുതിയിട്ടാണോ എന്തോ..അവള്‍ എന്നെ നോക്കി വിചിത്രമായി ചിരിക്കുന്നുണ്ടായിരുന്നു...

Tuesday 12 April 2011

അടിപൊളി..!!

'നീ ഇന്നു മുതല്‍ ഇവിടെയാണ് താമസിക്കാന്‍ പോകുന്നത്..' ചെറിയച്ചന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ മുന്നിലുള്ള
കെട്ടിടങ്ങളിലേക്ക് നോക്കി..വസന്ത് വിഹാര്‍ സിബിഐ കോളനി...ആഹാ ഞാന്‍ ഇനി സിബിഐ ആളുകള്‍ക്കൊപ്പമാണോ താമസിക്കാന്‍ പോകുന്നത്..ഈശ്വരാ കാത്തു കൊള്ളൂ .. തെളിയിക്കാന്‍ പറ്റാത്ത വല്ല കേസ് ഉണ്ടെങ്കില്‍ എന്‍റെ പേരില്‍ ഇടുമോ ആവോ? ഞാന്‍ ചെറിയച്ഛന്റെ കൂടെ പതുക്കെ ഉള്ളിലേക്ക് നടന്നു..ഒരു കെട്ടിടത്തിലെ ഇടുങ്ങിയ ഒരു കോണി കയറി മുകളിലെത്തി ബെല്‍ അടിച്ചു..ഒരു അമ്പതു വയസു പ്രായം തോന്നിക്കുന്ന ഒരാള്‍ വാതില്‍ തുറന്നു...'വരൂട്ടോ...ഇവിടെ ഇരിക്കു' ഒരു കസേര ചൂണ്ടി കാണിച്ചു അയാള്‍ പറഞ്ഞു...

ശശിധരന്‍ നായര്‍ എന്നാണ് ആളുടെ പേര്...തിരുവനന്തപുരം ആണ് സ്വദേശം...ഏകദേശം മുപ്പതു കൊല്ലത്തോളമായി സിബിഐ യില്‍ ഡ്രൈവര്‍ ആണ്...ഭാര്യ, രണ്ടു ആണ്‍ മക്കള്‍..അവര്‍ നാട്ടില്‍ ആണ്.. ഇടക്ക് ഇവിടെ വന്നു പോകും..ചെറിയച്ചന്‍ വാടകയെ പറ്റിയും,ഭക്ഷണത്തെ പറ്റിയുമെല്ലാം സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പതുക്കെ ചുറ്റും ഒന്ന് കണ്ണോടിച്ചു..കയറി ചെല്ലുന്ന ഒരു മുറി...അവിടെ നിന്നു പുറത്തേക്കൊരു ചെറിയ ബാല്‍ക്കണി ...പിന്നെ ഒരു കിടപ്പ് മുറി..ഒരു കൊച്ചു അടുക്കള..ഒരു കുളിമുറി...ഇത്രയും ആണ് ആ ഫ്ലാറ്റ്.. കയറി ചെല്ലുന്ന മുറിയില്‍ ഒരു കട്ടിലിട്ടിട്ടുണ്ട്...അവിടെയാണ് അദേഹത്തിന്റെ കിടപ്പ്..ആ മുറിയില്‍ ബാക്കി ഉള്ള ചെറിയ ഒരു സ്ഥലത്താണ് എനിക്ക് തല ചായ്ക്കാന്‍ പതിച്ചു കിട്ടിയിരിക്കുന്നത്...ബെഡ് റൂം എന്നു പറയപ്പെടുന്ന ഒരു ചെറിയ മുറി അയാള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്..ഒരു ബീഹാറി ആണ് അതില്‍ താമസം..'അപ്പൊ ശെരി..അടുത്ത ആഴ്ച ഇവന്‍ താമസം മാറും' ചെറിയച്ചന്‍ പറയുന്ന കേട്ട് ഞാന്‍ ദയനീയമായി അദേഹത്തെ നോക്കി..ഞങ്ങള്‍ പുറത്തോട്ടിറങ്ങി നടന്നു...സിബിഐ, ബീഹാറി...ദൈവമേ...എന്താകുമോ എന്തോ? എനിക്കാകെ തല ചുറ്റുന്ന പോലെ തോന്നി...തിരിച്ചു നടക്കുമ്പോള്‍ പതുക്കെ ഞാന്‍ സിബിഐ കോളനി എന്നു എഴുതിയ ബോര്‍ഡില്‍ നോക്കി...നാട്ടില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നിലെ ബോര്‍ഡും ഏകദേശം ഇതുപോലെ തന്നെ ആണോ എന്നു എനിക്ക് തോന്നി...

അങ്ങനെ പിന്നീട് വന്ന ഞായറാഴ്ച ഞാന്‍ അവിടേക്ക് താമസം മാറി...ചെറുതെങ്കിലും വൃത്തിയുള്ള മുറി...ഷെല്‍ഫില്‍ ഒരു സായി ബാബയുടെ പടം വെച്ചിട്ടുണ്ട്..ഞാന്‍ എന്‍റെ സാധന സാമഗ്രികളെല്ലാം ഒരു മൂലയില്‍ അടുക്കി വച്ചു..ബാല്‍ക്കണിയില്‍ നിറയെ ചെടിച്ചട്ടികള്‍ അടുക്കി വെച്ചിരിക്കുന്നു..അതില്‍ എല്ലാം നല്ല ഭംഗിയുള്ള പൂക്കള്‍ ഉണ്ടായി നില്‍ക്കുന്നു..അവിടെ നിന്നു നോക്കിയാല്‍ മുന്നിലെ സണ്‍‌ഡേ മാര്‍ക്കറ്റ്‌ കാണാം...ശാന്തത നിറഞ്ഞ റോഡ്‌...തെല്ലൊന്നു ആശ്വാസം തോന്നി...ബെഡ്റൂമില്‍ താമസിക്കുന്ന ബീഹാറി നാട്ടില്‍ പോയിരിക്കുകയാണ്...അവനെ പറ്റി അയാള്‍ പറഞ്ഞത് മുഴുവന്‍ ചീത്ത വാക്കുകളാണ്...

അന്ന് രാത്രി ഞാന്‍ പുറത്തു പോയി ഭക്ഷണം കഴിച്ചു...തിരിച്ചു വന്നപ്പോള്‍ അയാള്‍ പറഞ്ഞു..'ഭക്ഷണം ഞാന്‍ ഉണ്ടാക്കുന്നുണ്ട്...നിനക്കും ഞാന്‍ ചോറ് വെക്കാം..അത്ര നല്ല പാചകം ഒന്നും അല്ല...നിനക്കിഷ്ടപെടോന്നു അറിയില്ല...' ഞാന്‍ പറഞ്ഞു 'കുഴപ്പമില്ല...എന്തായാലും എനിക്ക് പ്രശ്നം ഇല്ല' ഒരു വര്‍ഷത്തോളമായി തലസ്ഥാന നഗരിയില്‍ എത്തിയിട്ട്...ആദ്യമാദ്യം അവിടുത്തെ ഭക്ഷണ രീതികളോട് പൊരുത്തപെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല...പാലക്കാടുള്ള ബന്ധുവീട്ടില്‍ പോവുമ്പോള്‍, മട്ട അരി ചോറ് ഇല്ലെങ്കില്‍ ഭക്ഷണം വേണ്ട എന്നു പറഞ്ഞിരുന്ന ഞാന്‍ ഇപ്പോള്‍ എന്നും കഴിക്കുന്നത്‌ ഓഫീസിനു അടുത്തുള്ള തമിഴന്‍റെ തട്ടുകടയിലെ പന്ത്രണ്ടു രൂപയുടെ രാജമ ചാവല്‍ ആണ്...അങ്ങനെ ഉള്ള എനിക്കാണോ ഇയാള്‍ വെക്കുന്ന ചോറ് കഴിക്കാന്‍ പ്രയാസം...പിറ്റേന്ന് കാലത്ത് ഞാന്‍ എണീറ്റ്‌ കുളിച്ചു വരുമ്പോഴേക്കും അയാള്‍ പോയിരുന്നു...അടുക്കളയില്‍ ചായ ഉണ്ടാക്കി വെച്ചിരുക്കുന്നു...ചപ്പാത്തിയും ഉരുളകിഴങ്ങ് കറിയും അടച്ചു വെച്ചിരിക്കുന്നു..ദൈവമേ...രക്ഷപെട്ടല്ലോ...അതെല്ലാം സാപ്പിട്ട് ഞാന്‍ ഓഫീസിലേക്ക് വച്ചു പിടിച്ചു...രാത്രി ഒരുപാട് വൈകി ആണ് ഞാന്‍ തിരിച്ചെത്തിയത്‌..റൂം തുറന്നു ലൈറ്റ് ഇട്ടപ്പോള്‍ അയാള്‍ പറഞ്ഞു..'എന്താ നീ ഇത്രയും വൈകിയത്...ചോറും ദാലും അവിടെ അടച്ചു വെച്ചിട്ടുണ്ട്...' അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി.. ചോറും ദാലും എടുത്തു കഴിച്ചു, കിടക്ക വിരിച്ചു കിടക്കാന്‍ പോയപ്പോള്‍ അയാള്‍ ചോദിച്ചു...'ഏങ്ങനെ ഉണ്ടായിരുന്നു ഭക്ഷണം?' ഞാന്‍ പറഞ്ഞു....അടിപൊളി...അത് അങ്ങോര്‍ക്ക് വല്ലാതെ പിടിച്ചു...'ഹാ ഹാ ഹാ....അടിപൊളി...' അയാള്‍ തിരിഞ്ഞു കിടന്നു...

അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസിലായി...എന്നും കാലത്ത് ചപ്പാത്തിയും, ഉരുളകിഴങ്ങ് കറിയും...രാത്രി ചോറും ദാലും..അതല്ലാതെ അങ്ങേര്‍ക്കൊന്നും വെക്കാന്‍ അറിയില്ല..എന്നും രണ്ടു പെഗ് മദ്യം കഴിച്ചില്ലെങ്കില്‍ അയാള്‍ ഉറങ്ങുകയുമില്ല...പക്ഷെ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഒന്നും ഇല്ല..എന്‍റെ ഭക്ഷണം കഴിഞ്ഞാല്‍ അയാള്‍ ചോദിക്കും..'ഏങ്ങനെ ഉണ്ട്?' ഞാന്‍ ചിരിച്ചുകൊണ്ട് പറയും....അടിപൊളി...അത് കേള്‍ക്കാന്‍ വേണ്ടിയാണു അയാള്‍ അത് ചോദിക്കുന്നത് എന്നു എനിക്കും അറിയാം..അത് കേട്ട് കഴിഞ്ഞാല്‍ അയാള്‍ സമാധാനത്തോടെ തിരിഞ്ഞു കിടന്നുറങ്ങും...അതിനിടയില്‍ നമ്മുടെ കഥാനായകന്‍ തിരിച്ചെത്തി...നമ്മുടെ ബീഹാറി...ജിതെന്ദേര്‍...മെലിഞ്ഞു ഉണങ്ങി കറുത്ത ഒരു മനുഷ്യന്‍...നേരെ നിക്കാന്‍ പോലും ആവുതില്ലെങ്കിലും അഹങ്കാരത്തിന് കുറവൊന്നുമില്ല..സംസാരം കേട്ടാല്‍ ആര്‍ക്കും ഒന്ന് തല്ലാന്‍ തോന്നും..ഭൂമിയിലുള്ള എന്തിനെ പറ്റി ചോദിച്ചാലും അവന്‍റെ കയ്യില്‍ മറുപടി ഉണ്ട്..നുണ കഥകള്‍ ഇത്ര മനോഹരമായി ഏങ്ങനെ ഉണ്ടാക്കുന്നു എന്നുള്ളത് അവനു മാത്രം അറിയാവുന്ന രഹസ്യമാണ്...ശശിധരന്‍ നായര്‍സാബ് ബീഹാറിയെ ചീത്ത വിളിക്കാത്തത് ആകെ അയാളോടൊപ്പം ഇരുന്നു കള്ള് കുടിക്കുമ്പോള്‍ മാത്രമാണ്...

'എടാ...ഞാന്‍ നിന്‍റെ അടുത്തേക്ക് വരുന്നു...' എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഫോണ്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ശശിധരന്‍ നായരോട് ചോദിച്ചു...'എന്‍റെ കൂട്ടുകാരന്‍ വരുന്നുണ്ട്...അവനെ കൂടെ ഇവിടെ താമസിപ്പിക്കട്ടെ?' വെള്ളമടിചിരിക്കുന്നതിനാല്‍ ബീഹാറിയുടെ എതിര്‍പ്പ് അയാള്‍ വക വെച്ചില്ല...അങ്ങനെ എന്‍റെ കൂട്ടുകാരനും ഞങ്ങളുടെ കൂടെ താമസം തുടങ്ങി...അവന്‍ ഒരു ബിപിഓയില്‍ ജോലിക്ക് കയറി...ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അയാള്‍ ഭക്ഷണം വച്ചു തന്നു...ദാല്‍ മിക്കവാറും ദിവസം ബാക്കിയാകും..നല്ല കുട്ടിയായി ദാല്‍ മുഴുവനും, താത്പര്യമില്ലെങ്കില്‍ പോലും ശശിധരന്‍ നായരെ പേടിച്ചു കഴിച്ചിരുന്ന എന്നെ; എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ദാല്‍ പാക്കറ്റില്‍ ആക്കി പുറത്തേക്കു വലിച്ചെറിയുന്ന വിദ്യ പഠിപ്പിച്ചു തന്നു...ഓഫീസില്‍ നിന്നു മിക്കവാറും ദിവസം നേരം വൈകി വന്നിരുന്ന ഞാന്‍ ഒരു ദിവസം അടുക്കളയില്‍ ബീഫ് ഫ്രൈ കണ്ടു ഞെട്ടി...പിള്ള(ശശിധരന്‍ നായരെ ഞങ്ങള്‍ വിളിച്ചിരുന്നത്‌ പിള്ള എന്നാണ്, നായര്‍, പിള്ള എല്ലാം ഒന്ന് തന്നെ) ഹാ...അപ്പോള്‍ പിള്ള എന്തായാലും ബീഫ് വെക്കില്ല എന്നു എനിക്കറിയാമായിരുന്നു..ദാല്‍, ഉരുളകിഴങ്ങ് കറി...ഇതല്ലാതെ ഒന്നും അങ്ങേര്‍ക്കു വെക്കാന്‍ അറിയില്ലല്ലോ...'ഇന്നും എങ്ങനെയാ ഈ മുടിഞ്ഞ ദാല്‍ കഴിക്കാ??..ഞാന്‍ പുറത്തു പോയി ബീഫ് വാങ്ങി വന്നതാണ്‌' കൂട്ടുകാരന്‍ പറയുന്ന കേട്ട് മനസ്സില്‍ സന്തോഷമാണ് തോന്നിയതെങ്കിലും അവനെ ഞാന്‍ ശാസിച്ചു..പിള്ള എങ്ങാനും അറിഞ്ഞാല്‍ പ്രശ്നമാണ്..ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് ഞാന്‍ തന്നെ അത് വാങ്ങി വരാന്‍ തുടങ്ങി എന്നുള്ളത് വേറെ സത്യം..

അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു...മിക്ക ദിവസങ്ങളിലും ദാല്‍ പാക്കറ്റില്‍ കെട്ടി പുറത്തോട്ടു എറിഞ്ഞു കളയും...പകരം ബീഫ് ഫ്രൈ വാങ്ങി വരും..അവിടെ വേനല്‍ കാലത്ത് വെള്ളത്തിന്‍റെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്...ടാങ്കറില്‍ വെള്ളം വരുന്നത് കാലത്ത് വളരെ നേരത്തെ ആണ്...പിള്ള താഴെ പോയി ബക്കറ്റില്‍ വെള്ളം കൊണ്ട് വന്നു പാത്രങ്ങളിലെല്ലാം നിറച്ചു വെക്കും..ഞങ്ങള്‍ വിളിച്ചാല്‍ എണീക്കില്ല എന്നു തോന്നിയതിനാല്‍ ആണോ എന്തോ...ഞങ്ങളെ വിളിക്കാറില്ല...ഞങ്ങള്‍ ഒട്ടു കണ്ട ഭാവം നടിക്കുക്കയും ഇല്ല..ബീഹാറി ഞങ്ങളെ പതിവ് പോലെ വെറുപ്പിച്ചു കൊണ്ടിരുന്നു..ഏതോ മുന്‍ ജന്മ പുണ്യം ചെയ്തതിനലാകണം എന്‍റെ കയ്യില്‍ നിന്നും തല്ലു വാങ്ങാതെ അവന്‍ രക്ഷപെട്ടു..അതിനിടയില്‍ പിള്ള പറഞ്ഞു...'എടാ നീ ഒരു പാത്രം വാങ്ങിയാല്‍ ഞാന്‍ നാലു ചപ്പാത്തി കൂടുതല്‍ ഉണ്ടാക്കാം, നിനക്ക് കൊണ്ട് പോകാനായി..' എനിക്ക് ഉച്ചക്ക് നല്ല ഭക്ഷണം കിട്ടാന്‍ പ്രയാസമാണെന്ന് അറിയാവുന്ന അയാള്‍ പറഞ്ഞു..അങ്ങനെ ഞാന്‍ ഭക്ഷണം കൊണ്ട് പോയി തുടങ്ങി...ഇടക്കിടക്ക് അയാള്‍ പറയുമായിരുന്നു..'നീ ഇവിടെ വന്നിട്ടുള്ളതും, ഞാന്‍ ഇവിടെ വന്നിട്ടുള്ളതും പൈസ ഉണ്ടാക്കാനാണ്...അത് കൊണ്ട് സൂക്ഷിച്ചു ചിലവാക്കിയാല്‍ മതി'

'എടാ നിനക്ക് ഞാന്‍ വിസ എടുത്തുട്ടോ, അടുത്ത ആഴ്ചക്ക് ടിക്കറ്റ്‌ എടുത്തോളു..' വിദേശത്തുള്ള എന്‍റെ ചേട്ടന്‍ ഫോണ്‍ ചെയ്തു പറയുന്നത് കേട്ട് ഞാന്‍ പതുക്കെ ചിരിച്ചു...നല്ല തണുപ്പുള്ള ഒരു ക്രിസ്മസ് ദിവസം...ഓഫിസ് ഇല്ലാത്തതിനാല്‍ മൂടി പുതച്ചു സുഖമായി കിടന്നുറങ്ങിയ ഞാന്‍ ഉറക്കത്തില്‍ കണ്ട സ്വപ്നം ആണ് അതെന്നാണ്‌ കരുതിയത്‌...കുറച്ചു കഴിഞ്ഞു എണീറ്റ്‌ ഫോണില്‍ നോക്കിയപ്പോള്‍ ചേട്ടന്‍റെ നമ്പര്‍ കണ്ടു...' ദൈവമേ അത് സത്യമായിരുന്നോ? ഞാന്‍ ഉടന്‍ ചേട്ടനെ വിളിച്ചു..' എന്നെ വിളിച്ചിരുന്നോ ഇപ്പോള്‍? എന്താ എന്നോട് പറഞ്ഞത്?' എന്‍റെ ചോദ്യം കേട്ട് ചേട്ടന്‍ ചോദിച്ചു 'നീ മദ്യപിച്ചുട്ടുണ്ടോ ? നിനക്ക് ഞാന്‍ വിസ എടുത്തു...അടുത്താഴ്ച നീ ഇങ്ങോട്ട് വരണം..' ഒരു മാസമെങ്കിലും മുന്‍പ് പറയാതെ എനിക്ക് വിടാന്‍ പറ്റില്ല, എനിക്കിപ്പോ എങ്ങോട്ടും പോണ്ട എന്നുള്ള എന്‍റെ ഒഴിവുകഴിവുകള്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ചേട്ടന്‍ ഫോണ്‍ വച്ചു..അങ്ങനെ ഞാന്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചു..പോകുന്ന അന്ന് കാലത്ത് അഞ്ചു മണി ആയപ്പോഴേക്കും അയാള്‍ എനിക്കുള്ള ചായ തയ്യാറാക്കി...ഞാന്‍ പതിയെ യാത്ര പറഞ്ഞിറങ്ങി...അയാള്‍ എന്നെ ടിക്കറ്റ്‌, പാസ്പോര്‍ട്ട്‌ തുടങ്ങിയവ എടുക്കാന്‍ ഓര്‍മിപ്പിച്ചു...എയര്‍പോര്‍ട്ടില്‍ പോകാന്‍ ഓട്ടോയില്‍ കയറിയ ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി...എന്നെ തുടക്കത്തില്‍ പെടിപെടുത്തിയിരുന്ന ആ ബോര്‍ഡ്‌ ഇന്നെന്റെ ഇഷ്ടപെട്ട സ്ഥലമായി മാറിയിരുന്നു...

ഇപ്പോള്‍ പിള്ള എവിടെ ആണെന്ന് എനിക്കറിയില്ല...പിന്നീട് ഞാന്‍ അവിടെ പോയപ്പോള്‍ അയാള്‍ റിട്ടയര്‍ ആയി നാട്ടില്‍ പോയി എന്നാണ് കേട്ടത്...പണ്ട് തന്ന നമ്പറില്‍ വിളിച്ചു നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ്‌ ആയിരുന്നു...അവിടെ എവിടെയോ ബീഹാറി ഉണ്ടെന്നു കേട്ട്...അവനെ കണ്ടു അയാളുടെ നമ്പര്‍ ചോദിച്ചു എങ്കിലും അവന്‍റെ കൈവശവും അതുണ്ടായിരുന്നില്ല...അവന്‍ പഴയ പോലെ പൊങ്ങച്ച കഥകള്‍ പറഞ്ഞു തുടങ്ങി...എന്തൊക്കെയാണെങ്കിലും ഇന്നും ദാല്‍ കണ്ടാല്‍ ഞാന്‍ അയാളെ ഓര്‍ക്കും..ഞാന്‍ കറി അടിപൊളി ആണെന്ന് പറയുമ്പോള്‍ അയാള്‍ പറയുന്ന ആ പ്രതേക തരത്തിലുള്ള മറുപടിയും.. .'ഹ ഹ ഹാ...അടിപൊളി.....!!!!'

Wednesday 16 March 2011

ക്രിസ്മസ് രാവ്‌..!!

'അവന്‍ ഭയങ്കര വില്ലന്‍ ആണ്....എന്‍റെ മോനെ കൊന്നു ചാലില്‍ ഇട്ടാല്‍ പോലും അറിയില്ല....' മഹാനായ എന്നെ പറ്റി വീടിനടുത്തുള്ള ഒരു ചേച്ചി പറഞ്ഞതാണിത്...അങ്ങനെ ഞാന്‍ പ്രശസ്തനായി നടന്നിരുന്ന കാലം...ഒരു കുട്ടി പട്ടാളം ഉണ്ടായിരുന്നു അവിടെ..കൂട്ടത്തില്‍ പ്രായം കൂടുതല്‍ എനിക്കായതിനാല്‍, ഞാന്‍ ആയിരുന്നു അവരെ നയിച്ചിരുന്നത്...മൂഞ്ഞയുടെ ഇലയില്‍ കളര്‍ ചേര്‍ത്ത് ഞാന്‍ ഉണ്ടാക്കിയ ലായിനിക്ക് ശക്തി മരുന്ന് എന്നു പേരിട്ടു അവരുടെ കൈകളില്‍ ഒറ്റിക്കും...പിന്നെ എന്നെ ഇടിക്കാന്‍ പറയും...ഞാന്‍ ഇടി കൊണ്ട് വീഴുന്നതായി അഭിനയിക്കും...വീട്ടിലെ ഷോകേസില്‍ വച്ചിരുന്ന ചെറിയ സാമ്പിള്‍ വിസ്കി കുപ്പികളില്‍ നിന്നും അവര്‍ക്ക് ഞാന്‍ ഓരോ തുള്ളി വീതം നല്‍കും.. ഇങ്ങനെ ഒക്കെ അവരുടെ ആത്മവിശ്വാസം ഞാന്‍ കൂട്ടികൊണ്ടിരുന്നു...

അവിടെ അവര്‍ക്കൊരു പ്രശ്നം വന്നാല്‍ പരിഹരിക്കാന്‍ എന്‍റെ അടുത്താണ് എത്തുക...കുട്ടികളെ കവുങ്ങ് കയറാന്‍ പഠിപ്പിക്കുക,ക്രിക്കറ്റ്‌ ബോള്‍ സ്പിന്‍ ചെയ്യാന്‍ പഠിപ്പിക്കുക എന്നിങ്ങനെ പോകുന്നു എന്‍റെ കലാപരിപാടികള്‍...

അങ്ങനെ ഒരു ക്രിസ്മസ് അവധികാലം...പ്രതേകിച്ചു ഒന്നും ചെയ്യാനില്ലാതെ ഇരുന്നു എനിക്ക് മടുപ്പ് തോന്നി തുടങ്ങി...നാളെ ക്രിസ്മസ് ആണ്...മുന്‍പിലെ ഗ്രേസിമാമയുടെ അവിടുന്നു നാളെ കോഴിക്കറിയും മറ്റും കിട്ടും.
ഗ്രേസിമാമ എന്നു ഞങ്ങള്‍ വിളിക്കുന്ന ഗ്രേസി ചേച്ചി അമ്മയുടെ ഏക കൂട്ടാണ്..എപ്പോഴും വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടപെടുന്ന അമ്മ പുറത്തു പോകുന്നതു ആകെ അവരോടു സംസാരിക്കാന്‍ മാത്രമാണ്..തോമാസേട്ടന്‍, ഗ്രേസി ചേച്ചി, അവരുടെ മകന്‍ റെജി ചേട്ടന്‍, അവരുടെ ഒപ്പം സഹായത്തിനു നില്‍ക്കുന്ന രാധ ചേച്ചി...അങ്ങനെ പോകുന്നു അവരുടെ കുടുംബം...ഇപ്പോള്‍ റെജി ചേട്ടന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളായി...ഭാര്യ സ്വപ്ന ചേച്ചി ഒരു പ്രൈവറ്റ് സ്കൂളിലെ ടീച്ചര്‍ ആണ്..വീട്ടില്‍ മത്സ്യം, മാംസം ഒന്നും അമ്മ കഴിക്കുകയില്ല, വെക്കുകയുമില്ല..അതിനാല്‍ ഗ്രേസിമാമയുടെ വീട്ടില്‍ നിന്നു കൊണ്ട് വരുന്ന ഭക്ഷണത്തിനായി ഞങ്ങള്‍ കാത്തിരിക്കും..അവരുടെ അവിടുന്നു പിറ്റേ ദിവസം കിട്ടാന്‍ പോകുന്ന കോഴി കറിയെ പറ്റി ആലോചിച്ചു എന്‍റെ വായില്‍ വെള്ളമൂറി..

നല്ല തണുത്ത കാറ്റ് വീശുന്നു...മിക്കവാറും എല്ലാ വീടിനു മുന്നിലും നക്ഷത്രങ്ങള്‍ തൂക്കിയിട്ടുണ്ട്‌...അവ കാറ്റിന്‍റെ താളത്തിനൊത്ത് ചുവടുകള്‍ വച്ചു കൊണ്ടിരിക്കുന്നു...വൈകീട്ട് ഏകദേശം മൂന്നു മണി ആകുന്നു...കുട്ടിപട്ടാളങ്ങള്‍ ഒന്നൊന്നായി എത്തി തുടങ്ങി...എന്ത് ചെയ്യാം എന്നുള്ള ആലോചന ചെന്നെത്തിയത് ഒരു ചെറിയ പാവകുട്ടിയിലും, ഒരു ചെറിയ ഷീറ്റിലും.അതേ....ഒരു കരോള്‍ തന്നെ ആകാം...അങ്ങനെ അതുറപ്പിച്ചു...ആദ്യത്തെ വീട്ടില്‍ കയറി ആ ഷീറ്റില്‍ പാവകുട്ടിയെ കിടത്തി ചുമ്മാ ജിങ്ങിള്‍ ബെല്ല്സ് പാടി...ഞങ്ങളെ കണ്ടു പാവം തോന്നിയതിനാലാവണം അവര്‍ അഞ്ചു രൂപ തന്നു...അത് ഞങ്ങള്‍ക്ക് പ്രജോദനമായി...അങ്ങനെ രണ്ടു മൂന്നു വീടുകള്‍ കയറി ഇറങ്ങി ഞങ്ങള്‍ മുടപ്പിലാം കുളത്തിന്‍റെ അവിടെ എത്തി..

മുടപ്പിലാവ് ക്ഷേത്രത്തിന്‍റെ കുളം...അന്ന് അത് കാട് പിടിച്ചു കിടക്കുകയാണ്...കുളത്തിനടിയില്‍ കാക്ക മുള്ളുണ്ടുത്രേ...അതില്‍ ചവിട്ടിയാല്‍ പിന്നെ കാല് വലിച്ചെടുക്കാന്‍ പറ്റില്ല പോലും...ഒരു പശു അങ്ങനെ മുങ്ങി പോകുന്നത് കുറെ ആളുകള്‍ കണ്ടിട്ടുണ്ട്.. ഇതൊക്കെ കേട്ടറിവുകളാണ്...നമ്മുടെ അവിടുത്തെ ചില ചേട്ടന്മാര്‍ അവിടെ ചൂണ്ട ഇടാന്‍ പോകാറുണ്ട്..അങ്ങനെ ഉള്ള കുളത്തിന്‍റെ അടുത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്...പാവം കുട്ടികള്‍...ക്ഷീണിച്ചു കാണും...മഹാനായ ഞാന്‍ അവരോടു കുളത്തിലിറങ്ങി കുളിക്കാന്‍ അനുവാദം കൊടുത്തു...ഓരോരുത്തരായി ഇറങ്ങാന്‍ തയ്യാറായി നിക്കുമ്പോള്‍ അകലെ നിന്നും ആരോ വരുന്നു...വീടിനടുത്തുള്ള ചേച്ചി ആണ്...അവര്‍ ആകെ കൂവി വിളിച്ചു കൊണ്ട് വന്നു...'ഇറങ്ങല്ലേ മക്കളേ...കാക്ക മുള്ളുള്ള കുളാണ്..ശവം വരെ കിട്ടില്ല...' ഹും...ഞാന്‍ കുട്ടികള്‍ക്ക് അനുവാദം കൊടുത്തതാണ്...പിന്നെയാണോ ഈ ചേച്ചി ഇങ്ങനെ പറയുന്നത്...' ഞാന്‍ മനസ്സില്‍ വിചാരിച്ചു...എങ്കിലും അവര്‍ പറയുന്നത് മാനിച്ചു ഞാന്‍ കുട്ടി പട്ടാളത്തെ തിരിച്ചു വിളിച്ചു...

വീടിനടുത്തേക്ക് നടന്നു കൊണ്ടിരുന്നപ്പോള്‍ വെറുതെ ഒരു പേടി എന്നെ പിടികൂടി...'ഇനി എങ്ങാനും ഇതെല്ലാം അവര്‍ വീട്ടില്‍ ചെന്ന് പറയുമോ?' അങ്ങനെ ഞങ്ങള്‍ വീടിന്‍റെ വഴിയില്‍ എത്തി...സംശയം തെറ്റിയില്ല...അതാ വടിയുമായി എല്ലാ വീട്ടുകാരും നിക്കുന്നു...ഞാനും അനിയനും പതുക്കെ വീട്ടിലേക്ക് നടന്നു...അവിടെ അവര്‍ വിളിക്കുന്ന ചീത്തയോ..എന്‍റെ അനിയന്‍ ഒഴികെയുള്ള കുട്ടിപട്ടാളത്തിന് കിട്ടുന്ന അടിയുടെ ശബ്ദമോ എന്നെ ഭയപെടുത്തിയില്ല...കാരണം വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന അവസ്ഥ എന്‍റെ മനസിനെ മരവിപ്പിച്ചിരുന്നു...വിചാരിച്ച പോലെ തന്നെ വീടിനു മുന്‍പില്‍ അമ്മ വടിയുമായി നില്‍ക്കുന്നു..അനിയന് അടി വീഴുന്നത് കണ്ടതും ഞാന്‍ ഓടി..വീടിനുള്ളില്‍ കിടപ്പ് മുറിയില്‍ കയറി വാതിലിനു സാക്ഷയിട്ടു...

അന്ന് അമ്മയും, അനിയനും ചേട്ടനും എവിടെ കിടന്നുറങ്ങി എന്നു ഇപ്പോഴും എനിക്കറിയില്ല...പിറ്റേന്ന് കാലത്ത് എണീറ്റ്‌ പുറത്തു വരുമ്പോഴേക്കും അമ്മയുടെ ദേഷ്യം കുറഞ്ഞിരുന്നു...പക്ഷെ ഗള്‍ഫില്‍ ഉള്ള അച്ഛന്‍ വിളിച്ചപ്പോള്‍ സംഭവ വികാസങ്ങള്‍ എല്ലാം അമ്മ അച്ഛനോട് വിവരിച്ചു...ഇങ്ങനെ ഒന്നും ചെയ്യരുതുട്ടോ മോനെന്നു അച്ഛന്‍ പറഞ്ഞപ്പോള്‍ എല്ലാം ഞാന്‍ തല കുലുക്കി സമ്മതിച്ചു...അന്ന് കോഴി കറിയുമായി വന്ന ഗ്രെസിമാമ ചോദിച്ചു...'ഇന്നലെ രാത്രി മുഴുവന്‍ കിടപ്പ് മുറിയില്‍ വെളിച്ചം കണ്ടല്ലോ...എന്ത് പറ്റി...' അമ്മ എന്നെ നോക്കുന്നത് കണ്ടു ഞാന്‍ ഒന്നും അറിയാത്തത് പോലെ പുറത്തോട്ടു നടന്നു...ഇനി എന്ത് കുരുത്തകേട്‌ ചെയ്യാം എന്നു ചിന്തിച്ചു കൊണ്ട്.....!!

Thursday 10 March 2011

നഷ്ടസ്വപ്നം..

'നാട്ടില്‍ നിന്നു രണ്ടു പെണ്‍കുട്ടികള്‍ എന്തോ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നിട്ടുണ്ട്, ഇന്നു ഞാന്‍ ചേട്ടന്‍റെ അവിടെ പോയപ്പോള്‍ കണ്ടിരുന്നു...' അഭയ് പറഞ്ഞു നിറുത്തിയപ്പോള്‍ ഞാന്‍ കേള്‍ക്കാന്‍ താല്പര്യമില്ലാത്ത പോലെ തിരിഞ്ഞു കിടന്നു...ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സമയം...കാലത്ത് എട്ടു മണിക്ക് ഓഫീസില്‍ പോയാല്‍ തിരിച്ചു വരുന്നത് പതിനൊന്നു മണിക്ക് ശേഷം....അങ്ങനെ വന്നു തളര്‍ന്നു കിടക്കുമ്പോളാണ് ഏതോ രണ്ട് പെണ്‍കുട്ടികള്‍ വന്ന കഥ പറയുന്നത്...നല്ല തണുപ്പുള്ള സമയം...പിറ്റേന്ന് കാലത്ത് എണീക്കുന്നത് ആലോചിച്ചു തലേ ദിവസം തന്നെ മടി തോന്നി.......മുടപ്പിലാം തേവരെ മനസ്സില്‍ ധ്യാനിച്ച് തല വഴി പുതപ്പു കൊണ്ട് മൂടി ഞാന്‍ കിടന്നു...

ശനിയാഴ്ച്ചകളില്‍ ഓഫീസില്‍ നിന്നു നേരത്തെ ഇറങ്ങാന്‍ കഴിയാറുണ്ട്...അങ്ങനെ ഓഫീസില്‍ നിന്നു ഇറങ്ങി പതിവ് ശനിയാഴ്ച്ചകളില്‍ ചെയ്യുന്ന പോലെ ചെറിയച്ഛന്റെ വീട്ടില്‍ പോയി...ചവിട്ടു പടികള്‍ കയറി മുകളില്‍ പോയി നോക്കിയപ്പോള്‍ വീടിനു പുറത്തു പരിചയമില്ലാത്ത ചെരിപ്പുകള്‍ കിടക്കുന്നു...അഭയ് പറഞ്ഞ കാര്യം അപ്പോഴാണ് ഓര്‍മ വന്നത്...ശെടാ...താന്‍ ഇതു മറന്നു പോയല്ലോ...ഇല്ലെങ്കില്‍ നേരെ വീട്ടിലേക്ക് പോകാമായിരുന്നു...ആരെയും പുതിയതായി പരിചയപെടാനുള്ള ആ പഴയ മനസ്ഥിതി എല്ലാം എന്നോ നഷ്ടപെട്ടിരുന്നു....എന്തായാലും വന്നതല്ലേ....രണ്ടും കല്‍പ്പിച്ചു ബെല്‍ അടിച്ചു...

വാതില്‍ തുറന്നു...പരിചയമില്ലാത്ത ഒരു മുഖം വാതിലിനപ്പുറത്ത്‌ നിന്നു എന്നെ ഉറ്റു നോക്കി...നല്ല ഐശ്വര്യമുള്ള കണ്ണട വച്ച മുഖം... ഞാന്‍ ഉള്ളില്‍ കയറി സോഫയില്‍ ഇരുന്നു...അപരിചിതമായ ഒരു വീട്ടില്‍ കയറിയ പോലെ എനിക്ക് തോന്നി...അപ്പോഴേക്കും ചെറിയച്ഛന്റെ മൂത്ത മകള്‍ എന്നെ ആ കുട്ടിക്കും, തിരിച്ചു ആ കുട്ടിയെ എനിക്കും പരിചയപെടുത്തി....പേര് രശ്മി..കോട്ടയത്താണ് വീട്...എന്തോ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നതാണെന്നും മറ്റും പറഞ്ഞു...അഭയ് എന്നോട് പറഞ്ഞതാണെങ്കിലും ഞാന്‍ ഒന്നും അറിയാത്തത് പോലെ ഇരുന്നു...ഒരാള്‍ കൂടി ഉണ്ടെന്നല്ലേ അഭയ് പറഞ്ഞത്...ഞാന്‍ പതുക്കെ ചെറിയച്ഛന്റെ രണ്ടാമത്തെ മകളെ അന്വേഷിച്ചു...അവളുടെ കൂടെ ആയിരിക്കുമല്ലോ രണ്ടാമത്തെ പെണ്‍കുട്ടി...കണ്ടത് മനോഹരമാണെങ്കില്‍..കാണാത്തത് അതിമനോഹരം എന്നാണല്ലോ...

അപ്പുറത്തെ മുറിയില്‍ സംസാരിച്ചിരുന്ന അവര്‍ പതുക്കെ മുന്നിലെ മുറിയില്‍ വന്നു...പ്രതീക്ഷിച്ച പോലെ തന്നെ...സുന്ദരി ആണ്...എനിക്ക് മൂക്കുത്തി ഇടുന്ന പെണ്‍കുട്ടികളെ വളരെ ഇഷ്ടമാണ്..അതറിഞ്ഞു കൊണ്ടാണോ എന്തോ...അവള്‍ക്കും മൂക്കുത്തി ഉണ്ട്...ഒരു തമിഴ് പെണ്കൊടിയെപോലെ ഇരുന്ന അവളെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു ഇഷ്ടം തോന്നി...അപ്പോഴേക്കും പുറത്തു പോയിരുന്ന ചെറിയച്ചന്‍ കയറി വന്നു...'നാളെ ഇവരെ ഒന്ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ കൊണ്ട് പോണമല്ലോ...നീ വരുമോ?' ഞാന്‍ സമ്മതിച്ചു...ആ മൂക്ക്കുത്തി ഇട്ട പെണ്‍കുട്ടിയെ ഞാന്‍ ഒന്ന് പാളി നോക്കി...അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു...

ഞായറാഴ്ച സാധാരണ ഒന്‍പതു മണി കഴിയാതെ എണീക്കാത്ത ഞാന്‍ അന്ന് നേരത്തെ എഴുന്നേറ്റു... പതിനൊന്നു മണിയാകുമ്പോഴേക്കും ഞാനും അഭയും ചെറിയച്ഛന്റെ വീട്ടില്‍ എത്തി...അപ്പോള്‍ പരിപാടിയില്‍ ഒരു ചെറിയ മാറ്റം...ചെറിയച്ഛന്റെ മൂത്ത മകള്‍ക്ക് ക്ലാസ്സ്‌ ഉള്ളതിനാല്‍ പരിപാടി വൈകിട്ട് മതി എന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നു...അങ്ങനെ വീണു കിട്ടിയ സമയം ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തു...വൈകീട്ട് പുറത്തു ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു....സംസാരത്തിനിടയില്‍ പല തവണ മറ്റാരും കാണാതെ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം നോട്ടങ്ങള്‍ എറിഞ്ഞു...

അങ്ങനെ വൈകീട്ട് ഞങ്ങള്‍ മാര്‍ക്കറ്റില്‍ എത്തി...നല്ല തിരക്ക്....കടകള്‍ക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബുകള്‍ മഞ്ഞിനിടയില്‍ നിന്നു തലയുയര്‍ത്തി ഞങ്ങളെ ഉറ്റു നോക്കുന്ന പോലെ തോന്നി...നല്ല തണുപ്പ്...അങ്ങനെ നടക്കുന്നതിനിടയില്‍ അവളുടെ വിരലില്‍ ഞാന്‍ ചെറുതായി ഒന്ന് തൊട്ടു...അവള്‍ അത് അറിഞ്ഞു പോലും ഇല്ല എന്നു എനിക്ക് തോന്നി....ഒരു വസ്ത്ര കടയില്‍ കയറി അവര്‍ വടക്കേ ഇന്ത്യന്‍ രീതിയിലുള്ള ചുരിദാര്‍ നോക്കി തുടങ്ങി...ഒരു ചുരിദാര്‍ എടുത്തു അവള്‍ അഭിപ്രായമാരയാനെന്നോണം എന്‍റെ മുഖത്തേക്ക് നോക്കി...ഞാന്‍ നന്നായിട്ടുണ്ട് എന്ന രീതിയില്‍ തല കുലുക്കിയപ്പോള്‍ അവള്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു...

അവര്‍ പോകുകയാണ്...ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഫോണില്‍ ഒരു മെസ്സേജ് വന്നു..അവള്‍ ആണ്....'എടാ ഇന്നു ഞാന്‍ പോവാ...നീ റെയില്‍വേ സ്റ്റേഷനില്‍ വരുമോ' അഞ്ചു മണിക്കാണ് തീവണ്ടി പുറപ്പെടുക...നാലു മണി ആയപ്പോള്‍ എന്തോ കാരണം പറഞ്ഞു ഞാന്‍ ഓഫീസില്‍ നിന്നു ഇറങ്ങി...ഒരു റിക്ഷ എടുത്തു റെയില്‍വേ സ്റ്റേഷനില്‍ പോയി...വഴി നീളെ ഞാന്‍ ആലോചിച്ചു...അവളോട്‌ പറഞ്ഞാലോ..എനിക്ക് അവളെ ഇഷ്ടമായി തുടങ്ങിയിരിക്കുന്നു എന്ന്‌....അങ്ങനെ പറഞ്ഞാല്‍ അവള്‍ ഇങ്ങനെ എടുക്കും...അവള്‍ എന്നെ വെറുമൊരു സുഹൃത്തായാണ് കാണുന്നതെങ്കിലോ...വേണ്ട...ഇതു പറഞ്ഞാല്‍ എനിക്ക് ഒരു സുഹൃത്തിനെ നഷ്ടപെട്ടാലോ...

ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി...അതാ അവര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു...ചെറിയച്ചനും, മക്കളും, അഭയുമെല്ലാം അവിടെ ഉണ്ട്...ഞാന്‍ രെഷ്മിയോടു യാത്ര പറഞ്ഞു, അതിനു ശേഷം അവളുടെ മുഖത്തേക്ക് നോക്കി...എന്തോ ഒരു വിഷമം അവളുടെ മുഖത്ത് നിഴലിക്കുന്നുണ്ടോ? അവള്‍ വീണ്ടും എന്നെ നോക്കി...മുഖത്ത് പതിയെ ഒരു ചിരി വരുത്തി പറഞ്ഞു....'പോട്ടെ...ഇനി എപ്പോഴാ കാണുക? ഞാന്‍ അവളുടെ ചിരി കടമെടുത്തു കൊണ്ട് പറഞ്ഞു...കാണാം...എപ്പോഴെങ്കിലും കാണാം...തീവണ്ടി പതിയെ നീങ്ങി തുടങ്ങി...വളരെ കുറച്ചു നാളുകള്‍ മാത്രം പരിചയമുള്ള ഞങ്ങള്‍, ഒരു ജന്മം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞു പിരിയുന്ന വേദനയോടെ പരസ്പരം നോക്കി നിന്നു... തീവണ്ടി കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ എന്ന്‌ എനിക്ക് വെറുതെ തോന്നി...റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തോട്ടിറങ്ങി നടക്കുമ്പോഴും എന്‍റെ കണ്ണുകള്‍ വിദൂരതയിലെ റെയില്‍ പാതയിലേക്ക് വെറുതെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു...




Saturday 5 March 2011

രാത്രി പെയ്ത മഴ...!!

ആകെ ചോരയുടെ മണം...അവനു തല കറങ്ങുന്ന പോലെ തോന്നി..'അശോകനെ കൊല്ലണം' പെട്ടന്ന് അവന്‍ പറഞ്ഞു..അതിനു മറുപടിയായി തലവന്‍ പറഞ്ഞു....'കൊല്ലുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല...നമ്മുടെ ചിന്താഗതി അതല്ല....അഥവാ ഇനി കൊല്ലാന്‍ തീരുമാനിച്ചാല്‍ തന്നെ അത് ആര് ചെയ്യും...' 'ഞാന്‍ ചെയ്യാം..നമ്മുടെ ചിന്താഗതി അവിടെ നടപ്പാക്കണമെങ്കില്‍ അശോകന്‍ ജീവനോടെ ഉണ്ടാകാന്‍ പാടില്ല..' ആകെ തളര്‍ന്നു നില്‍ക്കുകയാണെങ്കിലും അവന്‍റെ കണ്ണുകള്‍ തിളങ്ങി....

അവനറിയാമായിരുന്നു ഇങ്ങനെ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ ഇനി അവിടെ നില്‍ക്കാന്‍ കഴിയില്ല എന്ന്...കഴിഞ്ഞ ദിവസം അയാള്‍ അവന്‍റെ വീട്ടില്‍ പോയിരുന്നുത്രെ...കയ്യില്‍ ഒരു വാളുമായി, മദ്യത്തില്‍ മുങ്ങി കുളിച്ചു കൊണ്ട്..അമ്മയും, അനിയത്തിയും മാത്രമേ വീട്ടില്‍ ഉള്ളു...അവരെ അയാള്‍ ഭീഷിണി പെടുത്തി...മരിച്ചു പോയ അവന്‍റെ അച്ഛനെ വിചാരിച്ചാണ് അവനെ ഇതു വരെ കൊല്ലാതെ വിട്ടത്...ഇനിയും അവന്‍ അയാള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മകന്‍റെ ചേതനയറ്റ ശരീരം വീട്ടില്‍ എത്തും പോലും...ഇതെല്ലാം കൂട്ടുകാരന്‍ പറഞ്ഞ അറിവാണ്...അവന്‍ ഒളിവിലായിരുന്നു..വീട്ടില്‍ പോയി കുറച്ചു നാളുകള്‍ ആകുന്നു...


എന്തൊക്കെ പറഞ്ഞിട്ടും തലവന്‍ സമ്മതിക്കുന്ന മട്ടില്ല..ദേഷ്യവും, സങ്കടവുമെല്ലാം വന്നു അവന്‌....അവന്‍ പറഞ്ഞു 'ഞാന്‍ പ്രസ്ഥാനത്തിന് വേണ്ടി ജീവിക്കുന്ന ഒരാളാണ്...എനിക്ക് ഒപ്പം നിക്കാന്‍ നിങ്ങള്‍ക്കെല്ലാം മടി ആണെങ്കില്‍, എനിക്കും നിങ്ങളെ ഒന്നും വേണ്ട...' ആരും ഒന്നും മിണ്ടിയില്ല...ആ മൌനത്തില്‍ നിന്നും അവന്‌ കിട്ടണ്ട മറുപടി കിട്ടി..അന്ന് വരെ അവന്‍ സ്വന്തം എന്നു കരുതിയതെല്ലാം ഒരു ക്ഷണം കൊണ്ട് നഷ്ടപെട്ട പോലെ അവനു തോന്നി...എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം അവന്‍ അവിടെ തന്നെ നിന്നു...പിന്നെ പതുക്കെ ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു...ഇരുട്ട്‌, വഴിയരുകില്‍ നിന്നും കൂമന്‍റെ ശബ്ദം.....ഇതൊന്നും അവനെ ഭയപെടുത്തിയില്ല...മരണത്തെ ഭയക്കാത്ത അവനു ഇരുട്ടിനെ എങ്ങനെ പേടി കാണും...

അങ്ങനെ അവസാനം അവന്‍ വീടിനു മുന്നില്‍ എത്തി...അവിടെ അതാ ആരോ നില്‍ക്കുന്നു...അമ്മാവന്‍..അച്ഛന്‍റെ മരണ ശേഷം വീട്ടില്‍ എല്ലാം നോക്കി നടത്തുന്നത് അദ്ദേഹമാണ്.. ..ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയ അവനെ അമ്മാവന്‍ തടഞ്ഞു....'നില്‍ക്കു...ഒരു തീരുമാനം എടുത്തിട്ട് അകത്തോട്ട് കയറിയാല്‍ മതി...ഒന്നില്ലെങ്കില്‍ പ്രസ്ഥാനമായി പോവുക അങ്ങെനെങ്കില്‍ വീട്ടില്‍ കയറണ്ട..അല്ല മറിച്ചാണെങ്കില്‍ ഞാന്‍ പറയുന്ന കേട്ട് ഇവിടെ നില്‍ക്കണം...ഏതാ വേണ്ടെന്നു നീ തീരുമാനിച്ചോ' അവന്‌ ഒന്നും പറയാന്‍ തോന്നിയില്ല...പ്രസ്ഥാനത്തിന് വേണ്ടി മരിക്കാന്‍ വരെ തയ്യാറായ അവനെ അവര്‍ എത്രയോ നിസ്സാരമായി ഒറ്റപെടുത്തി കഴിഞ്ഞു...ഇപ്പോഴിതാ വീട്ടില്‍ നിന്നും....അവന്‍റെ കണ്ണുകളില്‍ ഇരുട്ട്‌ കയറി...ഒരു ലക്ഷ്യബോധവും ഇല്ലാതെ നിന്ന അവന്‌ എന്താണ് പറയണ്ടതെന്നു അറിയില്ലായിരുന്നു... അവന്‍ തിരിഞ്ഞു ഇരുട്ടിലേക്ക് പതുക്കെ നടന്നു...

പെട്ടന്ന് പിന്നില്‍ നിന്നു കരച്ചിലോടു കൂടിയ ഒരു ശബ്ദം....അവന്‍ തിരിഞ്ഞു നോക്കി...തനിക്കു ജന്മം തന്ന തന്‍റെ അമ്മ...കയ്യില്‍ ഒരു വിഷ കുപ്പിയുമായി നില്‍ക്കുന്നു ...'നീ ഏതായാലും പോകാന്‍ തീരുമാനിച്ചതല്ലേ...ഞങ്ങളുടെ മരണം കൂടി കണ്ടിട്ട് പോയാല്‍ മതി' അവന്‌ മനസ് തകരുന്ന പോലെ തോന്നി...കരഞ്ഞു കൊണ്ട് ഓടി ചെന്ന് അവന്‍ അമ്മയെ കെട്ടി പിടിച്ചു....'എന്നോട് ക്ഷെമിക്കു അമ്മേ...നിങ്ങള്‍ പറയുന്നത് എന്താണെങ്കിലും ഞാന്‍ ചെയ്തോളാം..' ചെറുതായി അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു...ആകാശത്ത് നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രന്‍ പോലും മുഖം മറച്ചു തന്‍റെ ഒപ്പം കരയുന്നതാണോ അന്ന് അവന്‍ സംശയിച്ചു....

നല്ല മഴ...അവന്‍ തീവണ്ടി ജനലിനുള്ളില്‍ നിന്നും പുറത്തേക്കു നോക്കി...ഒന്നും കാണുന്നില്ല...മഴ തകര്‍ത്തു പെയ്യുന്നു...പ്രകൃതി തന്‍റെ തോല്‍വി ആഘോഷിക്കുകയാണെന്നു അവന്‌ വെറുതെ തോന്നി...അതല്ല...അമ്മാവന്‍റെ തീരുമാന പ്രകാരം തലസ്ഥാന നഗരിയിലേക്ക് പോകുന്ന തന്നെ അവിടേക്ക് സ്വാഗതം ചെയ്യുന്നതിനാകും ഈ മഴ എന്നു മനസിനെ വിശ്വസിപ്പിക്കാന്‍ അവന്‍ വെറുതെ ശ്രെമിച്ചു....ചായ..ചായേ...എന്നു വിളിച്ചു പറഞ്ഞു പോയ ട്രെയിന്‍ ജീവനക്കാരന് അശോകന്‍റെ മുഖ സാദ്രശ്യം ഉള്ളതായി അവന്‌ തോന്നി...അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു....ചേട്ടാ...ഒരു ചായ..'

Monday 28 February 2011

ബ്രമ്ഹ ലഡ്ഡു...

എന്താണീ ബ്രമ്ഹ ലഡ്ഡു? അന്ന് വരെ ഞാന്‍ അങ്ങനെ ഒരു സാധനത്തെ പറ്റി കേട്ടിരുന്നില്ല...ബ്രാമണന്‍ ഉണ്ടാക്കുന്ന ലഡ്ഡു ആണോ എന്തോ? എന്തായാലും വിഷയത്തിലേക്ക് വരാം..സ്കൂളില്‍ പഠിക്കുന്ന സമയം...എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ പേര് കൃഷ്ണ കുമാര്‍...ആളൊരു നമ്പൂരി ആണ്‌ട്ടോ..ശുദ്ധന്‍(ദുഷ്ട്ടന്റെ ഫലം ചെയ്യുമെന്ന് പ്രതേകിച്ചു പറയണ്ടതില്ലല്ലോ ) തലമുടിയിലെല്ലാം വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ചു, നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വരുന്ന ഇഷ്ടന്‍ എപ്പോഴും എന്‍റെ കൂടെ കാണും..ഒരു പ്രാവിശ്യം അമ്മ ഉണ്ടാക്കിയ വെളുത്ത നിറത്തിലുള്ള കടല കറി അവന് ഞാന്‍ കൊടുത്തു...കുറച്ചു കഴിച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ചെമ്മീന്‍ ചേര്‍ത്തിട്ടുണ്ടെന്നു പറഞ്ഞതും, അണ്ണന്‍ ശര്ദിച്ച തും ഇന്നലെ നടന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു....

അങ്ങനെ ഞങ്ങള്‍ തകര്‍ത്ത് നടന്നിരുന്ന കാലം...ഒരു നാള്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന എന്‍റെ അടുത്തേക്ക് അവന്‍ വന്നു..ആകെ വിയര്‍ത്തിട്ടുണ്ട് , ചെവിയെല്ലാം ചുവന്നിരിക്കുന്നു...'എടാ...നീ ഒക്കെ എന്‍റെ സുഹൃത്താണെന്ന് പറഞ്ഞിട്ടെന്തു കാര്യം..' ഞാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചു..അപ്പോഴല്ലേ അദ്ദേഹം ചൂടയാതിന്റെ കാരണം പിടി കിട്ടിയത്..വിനീത് എന്നു പേരുള്ള ഒരു പയ്യന്‍സ് ഉണ്ട് അപ്പുറത്തെ ക്ലാസ്സില്‍...അവന്‍ നമ്മുടെ കഥാനായകനെ 'ബ്രമ്ഹ ലഡ്ഡു' എന്നു വിളിച്ചു പോലും...എനിക്ക് ചിരി വന്നു...ഹ ഹ ഹാ..ബ്രമ്ഹ ലഡ്ഡു...കൊള്ളാം അവന് പറ്റിയ പേര്‍ തന്നെ....ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ ശ്രെമിച്ചു...പക്ഷെ അവന്‍ വഴങ്ങുന്ന മട്ടില്ല...'ഒരു കൂട്ടുകാരന് വേണ്ടി നിനക്കിതു ചോദിയ്ക്കാന്‍ പറ്റില്ലേ' കൃഷ്ണകുമാര്‍ വിറക്കുകയാണ്...അവസാനം പിറ്റേ ദിവസം ചോദിക്കാം എന്നു പറഞ്ഞു ഞാന്‍ അവനെ സമാധാനിപ്പിച്ചു...

പിറ്റേ ദിവസം കാലത്ത് തന്നെ കൃഷ്ണകുമാര്‍ എന്നെ ഓര്‍മിപ്പിച്ചു...'നീ വാക്ക് തന്നതാണ്...ഇന്നു ചോദിക്കണം..'...അങ്ങനെ ഉച്ചയായി, ഭക്ഷണം എല്ലാം കഴിഞ്ഞു....ക്ലാസ്സിലുള്ള റാഫി എന്ന കൂട്ടുകാരനെയും കൂട്ടി വിനീതിനെ..വിനീതനാക്കാന്‍ ഞാന്‍ പുറപ്പെട്ടു...ഓഫീസ് റൂമിന് പിന്നിലുള്ള ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരുന്ന വിനീതിനോട് ഞാന്‍ ചോദിച്ചു ' നീ ഇനി ഇവനെ ബ്രമ്ഹ ലഡ്ഡു എന്നു വിളിക്കുമോടാ ??' മനസ്സില്‍ വന്ന ചിരി അടക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു...അവന്‍ പറഞ്ഞു...'വിളിക്കും...ഇനിയും വിളിക്കും ...' പിന്നില്‍ നിന്ന കൃഷ്ണകുമാര്‍ എന്തോ വിളിച്ചു പറഞ്ഞു..അങ്ങനെ ഓരോന്ന് പറഞ്ഞു അവസാനം ഉന്തും തള്ളുമായി...

ആ സമയത്ത് ഗുരുവായൂരില്‍ പോയാല്‍ ഞാന്‍ സ്ഥിരമായി വാങ്ങുന്ന ഒന്നാണ് പാമ്പിന്റെ തലയുള്ള മോതിരം...എന്താണെന്നറിയില്ല എനിക്കത് വളരെ ഇഷ്ടമാണ്...ഇടക്കൊരു തവണ വീടിനടുത്ത്‌ സ്വര്‍ണ പണി ഉണ്ടായിരുന്ന അനിലേട്ടന്‍ അതില്‍ സ്വര്‍ണം പൂശി തരികയുണ്ടായി...അങ്ങനെ ഒരു ചെറിയ ചെപ്പു നിറയെ പാമ്പ് മോതിരം ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു...

അങ്ങനെ ഉന്തും തള്ളും ആയപ്പോള്‍ ഞാന്‍ വിരലില്‍ കിടന്ന മോതിരം എടുത്തോന്നു പ്രയോഗിച്ചു,,,വിനീതിന്‍റെ കവിളില്‍ നല്ല ഭംഗിയുള്ള ഒരു വര...അവിടുന്നു ഞാന്‍ ഓടി അടുത്തുള്ള പണി നടക്കുന്ന പുതിയ ക്ലാസ്സ്‌ റൂമിലെ ചവിട്ടു പടിയില്‍ ഇരുന്നു..കുറച്ചു കാഴിഞ്ഞപ്പോള്‍ ആരോ വന്നു പറഞ്ഞു..'ആകെ പ്രശ്നമായി...വിനീത് പോയി ഹെഡ് മാഷോട് പരാതി പറഞ്ഞു..അവിടെ എല്ലാരും നിന്നെ നോക്കുന്നുണ്ട്...' അവന്‍റെ മുഖത്ത് പാമ്പ് മോതിരം കൊണ്ട് വരഞ്ഞത് കൂടുതല്‍ കുഴപ്പമാണ്...മിക്കവാറും സ്കൂളില്‍ നിന്നു പുറത്തു പോകാന്‍ സാധ്യതയുണ്ട്..

ഇനി എന്ത് ചെയ്യും എന്നറിയാതെ ആ മോതിരത്തില്‍ നോക്കി ഞാന്‍ ഇരുന്നു...പെട്ടന്ന് ഒരു ബുദ്ധി തോന്നി...മോതിരമെടുത്തു ഞാന്‍ എന്‍റെ കഴുത്തില്‍ ഒന്ന് വരഞ്ഞു...ഹാ....വേദനിച്ചു....പിന്നെ പതുക്കെ ആ മോതിരം ഊരി പോക്കറ്റില്‍ ഇട്ടു...നേരെ ഓഫീസ് മുറിയിലേക്ക് വച്ചടിച്ചു...

ഓഫീസ് മുറിയില്‍ കയറിയപ്പോള്‍ അതാ നില്‍ക്കുന്നു നമ്മുടെ റാഫി, അപ്പുറത്തെ ഭാഗത്ത്‌ വിനീതും കൂട്ടരും...ഹെഡ് മാഷ് കയ്യില്‍ ഒരു ചൂരലുമായി കണ്ണുരുട്ടി നില്‍ക്കുന്നു....ഞാന്‍ പറഞ്ഞു...'സര്‍...ഇവന്‍ എന്‍റെ കഴുത്തില്‍ മാന്തി..അപ്പോള്‍ വേദന കൊണ്ട് ഞാന്‍ അവനെ തിരിച്ചു മാന്തി...' അന്ന് ഈശ്വരനും വിനീതിനെതിരായിരുന്നു എന്നു തോന്നുന്നു....എനിക്ക് രണ്ടു അടി മാത്രം...വിനീതിന് നാലു അടിയും...വീട്ടില്‍ നിന്നു രക്ഷിതാക്കളെ കൊണ്ടുവരാതെ ക്ലാസ്സില്‍ കയറണ്ട എന്നു ഒരു താക്കീതും..അങ്ങനെ തലനാരിഴക്ക് രക്ഷപെട്ടു...

ഇതെല്ലാം കഴിഞ്ഞു തിരിച്ചു ക്ലാസ്സില്‍ കയറിയ ഞാന്‍ കണ്ടത്...ഇത്രയെല്ലാം പ്രശ്നങ്ങള്‍ക്ക് കാരണക്കാരനായ കഥാനായകന്‍ അതാ ഒന്നും സംഭവിക്കാത്ത തരത്തില്‍ അവിടെ ഇരുന്നു ബഡായി പറയുന്നു....ഞാന്‍ പതുക്കെ സീറ്റില്‍ പോയി ഇരുന്നു...എന്നെ കണ്ട കൃഷ്ണകുമാര്‍ ഓടി എന്‍റെ അടുത്തേക്ക് വന്നു,,'എടാ നീ അവനെ തല്ലണ്ടായിരുന്നുട്ടോ...' ഞാന്‍ ഒരു വികാരവുമില്ലാതെ അവന്‍റെ മുഖത്തേക്ക് നോക്കി ഇരുന്നു പോയി....

ഇന്നും എനിക്കറിയില്ല വിനീത് എന്തിനാണ് അവനെ അങ്ങനെ ഒരു പേര്‍ വിളിച്ചതെന്ന്...അത് വിളിക്കാന്‍ മാത്രം അവനെ പ്രകോപിപ്പിച്ച സംഭവം എന്താണെന്നും അറിയില്ല...ഇന്നും വഴിയില്‍ ഞാന്‍ വിനീതിനെ കാണാറുണ്ട്...അവന്‍റെ മുഖത്തെ ആ പാട്...അത് കാണുമ്പോള്‍ അപ്പോള്‍ ഞാന്‍ ഓര്‍ക്കും...'ബ്രമ്ഹ ലഡ്ഡു......'

Friday 25 February 2011

ദൈവത്തിനു ഇഷ്ടമുള്ള കുട്ടി..

അന്നൊരു ഞാറാഴ്ച ആയിരുന്നു...കാലത്ത് 10 മണിയായപ്പോള്‍ ഒരു ഫോണ്‍ കാള്‍ വന്നു...ഫോണ്‍ എടുത്ത അച്ഛന്‍റെ ശബ്ദം മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...എന്തോ അശുഭ വാര്‍ത്ത കാറ്റില്‍ കലരുന്നതായി എനിക്ക് തോന്നി....ഫോണ്‍ വെച്ച് തിരിഞ്ഞ അച്ഛന്‍റെ മുഖം ആകെ വിളറിയിരുന്നു....പ്രതീക്ഷിച്ച പോലെ തന്നെ അതൊരു ദുരന്ത വാര്‍ത്തയായിരുന്നു...വിജയ്‌...എന്‍റെ അനിയന്‍റെ കൂട്ടുകാരന്‍....പല വട്ടം ഞാന്‍ അനിയന്‍റെ കൂടെ അവന്‍റെ വീട്ടില്‍ പോയിട്ടുണ്ട്...അവനെ പാമ്പ് കടിച്ചുത്രേ....

ഒരു ഇടത്തരം ക്രിസ്തീയ കുടുംബമായിരുന്നു ടോണി ഏട്ടന്‍റെതു...മൂന്നു ആണ്‍കുട്ടികള്‍...മൂത്തവന്‍ വിജീഷ്, രണ്ടാമന്‍ വിലാഷ് മൂന്നാമന്‍ വിജയ്‌...എന്‍റെ ചേട്ടന്‍റെ കൂടെ പഠിച്ചിരുന്ന വിലാഷ് ഒരു ബസ്‌ ഇടിച്ചു മരിച്ചത് ആ കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു..ഇടയ്ക്ക് വീട്ടില്‍ അതേ പറ്റി പറയാറുണ്ടായിരുന്നു...ആ സംഭവത്തിന്‌ ശേഷം ടോണി ഏട്ടനും ചേച്ചിയും കുട്ടികളെ വളരെ സൂക്ഷിച്ചാണ് വളര്‍ത്തിയിരുന്നത്...സ്കൂള്‍ വിട്ടാല്‍ വീട്...വേറെ എങ്ങോട്ടും അവരെ വിടാന്‍ ആ അച്ഛനമ്മമാര്‍ക്ക് പേടിയായിരുന്നു...എന്നിട്ടും സംഗീതത്തെ ഇഷ്ടപെട്ടിരുന്ന അവര്‍ അവനെ തൊട്ടടുത്ത വഴിയിലുള്ള വയലിന്‍ മാഷടെ വീട്ടില്‍ ക്ലാസ്സിനയച്ചിരുന്നു...അവിടെ നിന്നു തിരിച്ചു വരുമ്പോഴാണ് അവനെ പാമ്പ് കടിച്ചത്..

വിജയ്‌...നല്ല കഴിവുള്ള ഒരു കുട്ടി...നന്നായി പഠിക്കും..നന്നായി പാടും..നന്നായി വയലിന്‍ വായിക്കും...എന്നും അവന്‍ സ്കൂള്‍ വിട്ടു ഞങ്ങളോടോപ്പമാണ് വീട്ടിലേക്കു നടക്കുക...അവന്‍റെ വീടിന്‍റെ അവിടുന്നു കുറച്ചു കൂടി നടക്കണം ഞങ്ങളുടെ വീട്ടിലേക്ക്..അവന്‍ സ്കൂള്‍ ഡേയ്ക്ക് പാടിയ കൊളോണിയല്‍ കസിന്‍സിന്റെ..കൃഷ്ണാ നീ ബേഗനേ..ബാരോ..എന്ന പാട്ട് എന്‍റെ മനസിലൂടെ മിന്നി മറഞ്ഞു...എന്‍റെ മുടപ്പിലാം തേവരേ...അവനൊന്നും പറ്റരുതേ..!!പൂജാ മുറിയിലിരിക്കുന്ന കൃഷ്ണന്‍ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി...

അന്ന് രാത്രി വീണ്ടും ഒരു ഫോണ്‍ കാള്‍...വിജയ്‌ മരിച്ചു..ഇത്രയധികം ആളുകളുടെ പ്രാര്‍ത്ഥന ഭഗവാന്‍ കേട്ടില്ലെന്നുണ്ടോ..?? പിറ്റേന്ന് കാലത്ത് ഞങ്ങള്‍ അവന്‍റെ വീട്ടിലേക്ക് പോയി...എപ്പോഴും വിജനമായി കിടന്നിരുന്ന ആ വീട്ടില്‍ നിറച്ചും ആളുകള്‍...ഞങ്ങള്‍ പതുക്കെ ഗേറ്റ് കിടന്നു നടന്നു...വീട്ടിലെ പൂന്തോട്ടത്തിനു നടുവില്‍ ഒരു അലങ്കരിച്ച ബെഞ്ചില്‍ ഒരു വാടിയ പൂ പോലെ അവന്‍ അവന്‍ കിടക്കുന്നു...കൈകളില്‍ പിടിപ്പിച്ച ചെറിയ കുരിശു തിളങ്ങുന്നുണ്ടായിരുന്നോ.....അവിടെ നിന്നിരുന്ന മഞ്ഞ നിറത്തിലുള്ള മുളം കൂട്ടം കാറ്റില്‍ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു...എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി...ഞാന്‍ പുറത്തേക്കു ഓടി കാറില്‍ കയറി ഇരുന്നു...ഈശ്വരാ..ടോണി ഏട്ടനും, ചേച്ചിക്കും എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ...തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ കരഞ്ഞു കൊണ്ടിരുന്ന അനിയനെ സമാധാനിപ്പിക്കാന്‍ അച്ഛന്‍ പറഞ്ഞു...'കരയണ്ട മോനെ...ദൈവത്തിനു ഇഷ്ടമുള്ള ആളുകളെ ദൈവം വേഗം തിരിച്ചു വിളിക്കും..'

കാലം കുറെ കഴിഞ്ഞു...നാട്ടില്‍ പോയപ്പോള്‍ ആ വഴിയിലൂടെ ഞാന്‍ വീണ്ടും നടന്നു...ടോണി ഏട്ടന്‍ അവിടെ നിന്നു വീട് മാറി പോയിരുന്നു...രണ്ടു കുട്ടികളുടെ മരണം നടന്ന ആ വീടിനോട് അവര്‍ക്ക് വെറുപ്പ്‌ തോന്നി കാണണം...എപ്പോഴും വൃത്തിയായി കിടന്ന മുറ്റത്ത്‌ ആകെ ചപ്പും ചവറും നിറഞ്ഞിരിക്കുന്നു...നിറയെ റോസാ പുഷ്പങ്ങള്‍ വിരിഞ്ഞു നിന്നിരുന്ന പൂന്തോട്ടം വാടി കരിഞ്ഞു പോയിരിക്കുന്നു..മഞ്ഞ നിറത്തിലുള്ള മുളം കൂട്ടം മാത്രം അപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടില്‍ കല പില ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.....!!

Tuesday 22 February 2011

എന്‍റെ പൂമ്പാറ്റ...

അവള്‍...അവളെ ഞാന്‍ ആദ്യം കാണുന്നത് കോളേജില്‍ വെച്ചാണ്‌...മെലിഞ്ഞു വട്ടമുഖമുള്ള വെളുത്ത ഒരു പെണ്‍കുട്ടി...സ്കൂള്‍ ജീവിതം ബോയ്സ് സ്കൂളില്‍ ആയതിനാലാവണം പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എന്തോ നാണമാണ്...പക്ഷെ അവളെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു അടുപ്പം തോന്നി..കോളേജ് കഴിഞ്ഞു അവള്‍ പോകുന്നതും നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു...പെട്ടന്ന് ഒരു ബുദ്ധി തോന്നി...നടന്നു...അസ്സലായി നടന്നു....തിരുവമ്പാടി അമ്പലത്തിനു മുന്നിലൂടെ ഉള്ള വഴിയിലൂടെ അങ്ങ് നടന്നു...അറിയണമല്ലോ ഈ പൂമ്പാറ്റയെ പോലിരിക്കുന്ന കുട്ടി എവിടെയാണ് താമസിക്കുന്നതെന്ന്..ആ നടത്തം അങ്ങ് പൂങ്കുന്നം വരെ എത്തി...ഹാവൂ പകുതി സമാധാനമായി എവിടെയാ താമസിക്കുന്നതെന്ന് മനസിലായല്ലോ...ഇനി പതുക്കെ ബാക്കി കാര്യങ്ങള്‍ അറിയാലോ..

ദിവസങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നു...എന്നിട്ടും ആ കുട്ടിയോട് സംസാരിക്കാനുള്ള ധൈര്യം വന്നില്ല...എന്നും നടക്കും, അവള്‍ റോഡിനപ്പുറം കൂട്ടുകാരിക്കൊപ്പവും
, ഞാന്‍ ഇപ്പുറവും...അങ്ങനെ വന്നു വന്നു കണ്ണടച്ച് നടന്നാലും ഞാന്‍ അവളുടെ വീടിന്‍റെ വഴി വരെ എത്തും എന്ന ആത്മവിശ്വാസം എനിക്ക് തോന്നി തുടങ്ങി, പക്ഷെ സംസാരിക്കാനുള്ള ധൈര്യം അപ്പോഴും തഥൈവ....അവള്‍ വഴിയില്‍ അലെക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് പൂക്കള്‍ ഞാന്‍ വില കൂടിയ എന്തോ കളഞ്ഞു കിട്ടിയ പോലെ പുസ്തക താളുകള്‍ക്കിടയില്‍ ആരും കാണാതെ ഒളിപ്പിച്ചു വച്ചു. അങ്ങനെ രണ്ടു കൊല്ലം പോയത് ഞാന്‍ പോലും അറിഞ്ഞില്ല...പക്ഷെ എന്‍റെ കൂട്ടുകാര്‍ നല്ലോണം അറിഞ്ഞു...ഒരു കൂട്ടിനു വേണ്ടി ഞാന്‍ അവന്മാരെയും കുറെ നടത്തിച്ചു...വീടിനടുത്തുള്ള അമ്പലത്തില്‍ പോലും പോകാത്ത അവന്മാര്‍ എനിക്ക് വേണ്ടി അവളുടെ വീടിനടുത്തുള്ള അമ്പലത്തില്‍ എന്‍റെ കൂടെ സ്ഥിരം വന്നു തുടങ്ങി (ഹും!! അങ്ങനെ അവര്‍ക്ക് കിട്ടിയ പുണ്യത്തിനു പങ്കു പറ്റാന്‍ ഞാന്‍ ശ്രെമിച്ചിട്ടില്ല...വെറുതെ അല്ലല്ലോ നടന്നു ക്ഷീണിച്ചതു..പുണ്യം ഒരുപാട് കിട്ടിയില്ലേ...)

ഇങ്ങനെ ഒക്കെ പോയി കൊണ്ടിരിക്കുന്ന സമയം...കോളേജില്‍ അവളുമായി സംസാരിക്കാന്‍ ഒരു ചമ്മല്‍...ആരെങ്കിലും കണ്ടാല്‍ നാണകേടകുമോ എന്നു ഒരു ഭയം...വഴിയില്‍ വച്ച് സംസാരിക്കാംന്നു വിചാരിച്ചാല്‍ കൂട്ടുകാരി ഇല്ലാതെ അവളെ കണ്ടിട്ടില്ല..അങ്ങനെ ഞാന്‍ വിഷമിച്ചു ഇരിക്കുമ്പോള്‍ ഒരു ശനിയാഴ്ച ഇംഗ്ലീഷ് ടീച്ചര്‍ടെ വക സ്പെഷ്യല്‍ ക്ലാസ്സ്‌....ഇതില്‍പരം എനിക്ക് സന്തോഷിക്കാന്‍ എന്ത് വേണം..

പക്ഷെ എന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്തു കൊണ്ട് അവളുടെ കൂടുകാരിക്ക് അന്ന് ക്ലാസ്സ്‌...ദൈവമേ ഒന്ന് സ്വസ്ഥമായി പ്രേമിക്കാംന്നു വിചാരിച്ചാലും നീ സമ്മതിക്കില്ലേ...അങ്ങനെ നിരാശനായി ക്ലാസിനു പുറത്തോട്ടു നോക്കി ഞാന്‍ ഇരുന്നു. പെട്ടന്ന് ഒരു കാഴ്ച കണ്ടു ഞാന്‍ ഞെട്ടി...ദൈവമേ നീ എന്‍റെ കൂടെ ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല...അതാ അവളുടെ കൂട്ടുകാരി പുറത്തേക്കു പോകുന്നു...അപ്പോള്‍ ഇന്നു എന്‍റെ പൂമ്പാറ്റ ഒറ്റക്കാണ്...ഇന്നു അവളോട്‌ സംസാരിച്ചിട്ടു തന്നെ ബാക്കി കാര്യം..അങ്ങനെ ക്ലാസ്സ്‌ കഴിയുന്ന വരെ ഞാന്‍ കാത്തിരുന്നു...അതിനിടയില്‍ പലവട്ടം ഞാന്‍ മനസ്സില്‍ അവളോട്‌ സംസാരിക്കുന്നതു കിനാവ് കണ്ടു...അത് വരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു....നിമിഷങ്ങള്‍ യുഗങ്ങളായി മാറി എന്നൊക്കെ...അന്ന് ഞാനും അത് അനുഭവിച്ചു...

അങ്ങനെ ഞാന്‍ കാത്തിരുന്ന സമയം എത്തി...ക്ലാസ്സ്‌ കഴിഞ്ഞു...അവള്‍ പുറത്തോട്ടിറങ്ങി നടന്നു തുടങ്ങി..എന്നത്തേയും പോലെ ഞാനും റോഡിന്‍റെ അപ്പുറത്ത് അവളെയും നോക്കി നടന്നു...അങ്ങനെ ആളൊഴിഞ്ഞ ഒരു വഴിയില്‍ എത്തി...ഇതു തന്നെ അവസരം...ഞാന്‍ വേഗം അവളുടെ അടുത്തേക്ക് നടന്നു...പിന്നില്‍ നിന്നു പതുക്കെ വിളിച്ചു...ഹലോ.....അവള്‍ തിരിഞ്ഞു നോക്കി...ഈശ്വരാ...എത്ര മനോഹരമായി കണ്ണുകള്‍...മനസ്സില്‍ ചോദിയ്ക്കാന്‍ വച്ചിരുന്ന ചോദ്യങ്ങള്‍ എല്ലാം അലിഞ്ഞു പോയി...അവസാനം ഞാന്‍ ചോദിച്ചു...'കൂട്ടുകാരി എന്താ നേരത്തെ പോയത്?' അവള്‍ എന്നെ നോക്കി പതുക്കെ ചിരിച്ചു...എന്നിട്ട് പറഞ്ഞു...'അവളുടെ ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു...' ഞാന്‍ നോക്കി നില്‍ക്കെ അവള്‍ പതുക്കെ നടന്നു മറഞ്ഞു....ഈശ്വരാ...എന്താ ഞാന്‍ ചോദിച്ചത്? അവള്‍ കരുതി കാണുമോ ഞാന്‍ അവളുടെ കൂട്ടുകാരിയെ ആണ് പ്രേമിക്കുന്നതെന്നു

പിന്നീട് ഞാന്‍ അറിഞ്ഞു അവള്‍ക്കു എട്ടാം ക്ലാസ്സ്‌ മുതലേ ഒരു പ്രേമം ഉണ്ടായിരുന്നു പോലും....എട്ടാം ക്ലാസ്സിലൊക്കെ പഠിക്കുമ്പോള്‍ പ്രേമിക്കാന്‍ പാടുമോ? എന്‍റെ സ്വപ്നങ്ങള്‍ക്ക് ഈ ലോകത്ത് ഒരു വിലയുമില്ലേ...അങ്ങനെ എന്‍റെ പ്രണയം ഞാന്‍ മണ്ണിട്ട്‌ മൂടി...ഇനി ഇതെല്ലാം എന്നോട് പറഞ്ഞത് ആരാണെന്നല്ലേ......അവളുടെ ആ കൂട്ടുകാരി.........

Monday 21 February 2011

ഓര്‍മകള്‍ വീണ്ടും....

ഞാന്‍ ഇന്ന് വളരെ സന്തോഷിക്കുന്ന ഒരു ദിവസമാണ്...ഓഫീസിലെ ജോലി തിരക്ക് കഴിഞ്ഞു വീട്ടില്‍ എത്തിയത് കിടന്നുറങ്ങണം എന്ന മോഹവുമായാണ്...പനിയുടെ ഒരു ലാഞ്ചന പിടിപെട്ടതിനലാകണം ഒന്നും കഴിക്കാന്‍ തോന്നിയില്ല...കുറെ നാളുകളായി വിചാരിക്കുന്നു എന്തെങ്കിലും എഴുതാന്‍...എന്തോ.. എഴുതാനുള്ള കഴിവ് ദൈവം തന്നിട്ടില്ല,എന്നാലും തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ല..ഞാന്‍ എഴുതുന്നത്‌ എന്നെ സന്തോഷിപ്പിക്കാന്‍ മാത്രമാണ്...എന്തിനു ഞാന്‍ ചിന്ടതികണം മറ്റുള്ളവര്‍ക്ക് ഇതിഷ്ടപെടുമോ എന്ന്..അപ്പോള്‍ പറഞ്ഞു വന്നത്.....കുറെ നാളുകളായി എല്ലാത്തിനോടും ഒരു മടുപ്പ് തോന്നി തുടങ്ങിയിട്ട്...നല്ല മഴ പെയ്യുന്നുനതും നോക്കി ഇരിക്കാന്‍ ഒരു മോഹം...എന്ത് ചെയ്യാം,,,കുളിമുറിയിലെ ഷവര്‍ കൊണ്ട് സമാധാനപെടെണ്ടി വന്നു..കാലത്ത് കുളിച്ചു അമ്പലത്തില്‍ പോയിരുന്ന ഞാന്‍ ഇപ്പൊ കാലത്ത് എണീകുന്നത് മടിയോടു കൂടിയാണ്...അങ്ങനെ ഒക്കെ പോയികൊണ്ടിരിക്കുന്ന എനിക്ക് ഇത്ര സന്തോഷിക്കാന്‍ മാത്രം എന്തുണ്ടായി എന്നല്ലേ?? അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത്,,,ചിലപ്പോള്‍ എനിക്ക് പനി വന്നതിലാകാം, അല്ലേല്‍ ഭക്ഷണം കഴിക്കണ്ടല്ലോ എന്ന ആശ്വാസത്തിലും ആകാം..അല്ല...അതൊന്നും അല്ല..കുറെ നേരം നാടിനെയും, മഴയെയും, പാട്ടിനെയും ഒക്കെ ആലോചിച്ചു കിടന്നതിനാലകാം...അറിയില്ല പക്ഷെ ഞാന്‍ സന്തോഷവാനാണ്...നാളെ വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുന്നു...നടക്കുമോ ആവോ?? കണ്ടറിയാം....