നൊസ്റ്റാൾജിയ - പതിനൊന്നു വർഷങ്ങൾക്കു മുൻപ് മരണ കുറിപ്പിൽ അങ്ങനെ ഒരു വാക്ക് ചേട്ടൻ എഴുതി വച്ചിരുന്നു...പ്രേമനൈരാശ്യം എന്നാണ് അതിന്റെ അർത്ഥം എന്ന് ആരോ പറയുന്ന കേട്ടു..നൊസ്റ്റാൾജിയ പ്രേമനൈരാശ്യം ആണോ എന്ന് വെറുതെ എങ്കിലും എനിക്കും തോന്നാതിരുന്നില്ല.. വീട്ടിൽ നിന്ന് മാറി നിന്ന് ഒരുപാടു വര്ഷങ്ങള്ക്ക് ശേഷം തിരിച്ചു വന്നപ്പോൾ പണ്ട് ചെയ്യാറുള്ളത് പോലെ മുകളിലെ മുറിയിൽ ജനലുകൾ തുറന്നിട്ട്, ഇലകളിൽ അമ്മാനമാടി പതിയെ താഴോട്ട് പതിക്കുന്ന മഴത്തുള്ളികളെ നോക്കി കിടന്നപ്പോൾ മനസ്സ് ഒന്ന് ചിരിച്ചു..
പണ്ട് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു മുന്നിൽ ഉള്ള തമിഴൻ അണ്ണന്റെ തട്ട് കടയില നിന്നും പണ്ടു വെറുപ്പോടെ കഴിച്ചിരുന്ന മഞ്ഞ നിറത്തിൽ ഉള്ള നാരങ്ങ ചോറ് വര്ഷങ്ങള്ക്ക് ശേഷം ആർത്തിയോടെ വാരി തിന്നുമ്പോഴും ചിരി വന്നു..
ആകാശത്തിൽ പല തരത്തിൽ ചിത്രങ്ങൾ വരയ്ക്കുന്ന മേഘ കൂട്ടങ്ങളെ നോക്കി അമ്പലപറമ്പിൽ പണ്ട് കിടന്നിരുന്ന പോലെ കിടന്നപ്പോഴും അതെ ചിരി മനസ്സിൽ മിന്നി മറഞ്ഞു..
ബാല്യകാലം മുഴുവൻ ആഘോഷമാക്കി കളിച്ചു നടന്നിരുന്ന പാടത്ത് വൈകുന്നേരം കാറ്റ് കൊണ്ട് ഇരുന്നപ്പോൾ, ആരോ നടന്നു പോയ കാല്പാടുകൾ നോക്കി അത് വര്ഷങ്ങള്ക്ക് മുൻപ് ഞാൻ കളിക്കുമ്പോൾ ഉണ്ടായ കാല്പാടുകൾ ആണോ എന്ന് വെറുതെ..തികച്ചും വെറുതെ സങ്കൽപ്പിച്ചപ്പോഴും മനസ്സ് ഒന്ന് ചിരിച്ചു..
ആദ്യമായി പ്രേമിച്ച പെണ്‍കുട്ടിയെ കാണാൻ പണ്ട് നടന്ന വഴികളിലൂടെ പഴയ കഥകൾ പറഞ്ഞു ചിരിച്ചു എന്റെ ജീവിത സഖിയോടൊപ്പം വീണ്ടും നടന്നപ്പോഴും അതെ ചിരി..
വെറുതെ വെറുതെ ചിരിക്കുന്നവർ മാനസിക രോഗികൾ ആണത്രെ..എങ്കിൽ ഞാനും മാനസിക രോഗി ആകണമല്ലോ..ഇങ്ങനെ ഒക്കെ ആലോചിക്കുമ്പോൾ ഒരു സംശയം തോന്നുന്നു..അപ്പൊ ഈ ചിരിക്കുന്നതിനെ ആണോ നൊസ്റ്റാൾജിയ എന്ന് പറയുന്നത്...
No comments:
Post a Comment