Wednesday, 16 March 2011

ക്രിസ്മസ് രാവ്‌..!!

'അവന്‍ ഭയങ്കര വില്ലന്‍ ആണ്....എന്‍റെ മോനെ കൊന്നു ചാലില്‍ ഇട്ടാല്‍ പോലും അറിയില്ല....' മഹാനായ എന്നെ പറ്റി വീടിനടുത്തുള്ള ഒരു ചേച്ചി പറഞ്ഞതാണിത്...അങ്ങനെ ഞാന്‍ പ്രശസ്തനായി നടന്നിരുന്ന കാലം...ഒരു കുട്ടി പട്ടാളം ഉണ്ടായിരുന്നു അവിടെ..കൂട്ടത്തില്‍ പ്രായം കൂടുതല്‍ എനിക്കായതിനാല്‍, ഞാന്‍ ആയിരുന്നു അവരെ നയിച്ചിരുന്നത്...മൂഞ്ഞയുടെ ഇലയില്‍ കളര്‍ ചേര്‍ത്ത് ഞാന്‍ ഉണ്ടാക്കിയ ലായിനിക്ക് ശക്തി മരുന്ന് എന്നു പേരിട്ടു അവരുടെ കൈകളില്‍ ഒറ്റിക്കും...പിന്നെ എന്നെ ഇടിക്കാന്‍ പറയും...ഞാന്‍ ഇടി കൊണ്ട് വീഴുന്നതായി അഭിനയിക്കും...വീട്ടിലെ ഷോകേസില്‍ വച്ചിരുന്ന ചെറിയ സാമ്പിള്‍ വിസ്കി കുപ്പികളില്‍ നിന്നും അവര്‍ക്ക് ഞാന്‍ ഓരോ തുള്ളി വീതം നല്‍കും.. ഇങ്ങനെ ഒക്കെ അവരുടെ ആത്മവിശ്വാസം ഞാന്‍ കൂട്ടികൊണ്ടിരുന്നു...

അവിടെ അവര്‍ക്കൊരു പ്രശ്നം വന്നാല്‍ പരിഹരിക്കാന്‍ എന്‍റെ അടുത്താണ് എത്തുക...കുട്ടികളെ കവുങ്ങ് കയറാന്‍ പഠിപ്പിക്കുക,ക്രിക്കറ്റ്‌ ബോള്‍ സ്പിന്‍ ചെയ്യാന്‍ പഠിപ്പിക്കുക എന്നിങ്ങനെ പോകുന്നു എന്‍റെ കലാപരിപാടികള്‍...

അങ്ങനെ ഒരു ക്രിസ്മസ് അവധികാലം...പ്രതേകിച്ചു ഒന്നും ചെയ്യാനില്ലാതെ ഇരുന്നു എനിക്ക് മടുപ്പ് തോന്നി തുടങ്ങി...നാളെ ക്രിസ്മസ് ആണ്...മുന്‍പിലെ ഗ്രേസിമാമയുടെ അവിടുന്നു നാളെ കോഴിക്കറിയും മറ്റും കിട്ടും.
ഗ്രേസിമാമ എന്നു ഞങ്ങള്‍ വിളിക്കുന്ന ഗ്രേസി ചേച്ചി അമ്മയുടെ ഏക കൂട്ടാണ്..എപ്പോഴും വീട്ടില്‍ ഇരിക്കാന്‍ ഇഷ്ടപെടുന്ന അമ്മ പുറത്തു പോകുന്നതു ആകെ അവരോടു സംസാരിക്കാന്‍ മാത്രമാണ്..തോമാസേട്ടന്‍, ഗ്രേസി ചേച്ചി, അവരുടെ മകന്‍ റെജി ചേട്ടന്‍, അവരുടെ ഒപ്പം സഹായത്തിനു നില്‍ക്കുന്ന രാധ ചേച്ചി...അങ്ങനെ പോകുന്നു അവരുടെ കുടുംബം...ഇപ്പോള്‍ റെജി ചേട്ടന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികളായി...ഭാര്യ സ്വപ്ന ചേച്ചി ഒരു പ്രൈവറ്റ് സ്കൂളിലെ ടീച്ചര്‍ ആണ്..വീട്ടില്‍ മത്സ്യം, മാംസം ഒന്നും അമ്മ കഴിക്കുകയില്ല, വെക്കുകയുമില്ല..അതിനാല്‍ ഗ്രേസിമാമയുടെ വീട്ടില്‍ നിന്നു കൊണ്ട് വരുന്ന ഭക്ഷണത്തിനായി ഞങ്ങള്‍ കാത്തിരിക്കും..അവരുടെ അവിടുന്നു പിറ്റേ ദിവസം കിട്ടാന്‍ പോകുന്ന കോഴി കറിയെ പറ്റി ആലോചിച്ചു എന്‍റെ വായില്‍ വെള്ളമൂറി..

നല്ല തണുത്ത കാറ്റ് വീശുന്നു...മിക്കവാറും എല്ലാ വീടിനു മുന്നിലും നക്ഷത്രങ്ങള്‍ തൂക്കിയിട്ടുണ്ട്‌...അവ കാറ്റിന്‍റെ താളത്തിനൊത്ത് ചുവടുകള്‍ വച്ചു കൊണ്ടിരിക്കുന്നു...വൈകീട്ട് ഏകദേശം മൂന്നു മണി ആകുന്നു...കുട്ടിപട്ടാളങ്ങള്‍ ഒന്നൊന്നായി എത്തി തുടങ്ങി...എന്ത് ചെയ്യാം എന്നുള്ള ആലോചന ചെന്നെത്തിയത് ഒരു ചെറിയ പാവകുട്ടിയിലും, ഒരു ചെറിയ ഷീറ്റിലും.അതേ....ഒരു കരോള്‍ തന്നെ ആകാം...അങ്ങനെ അതുറപ്പിച്ചു...ആദ്യത്തെ വീട്ടില്‍ കയറി ആ ഷീറ്റില്‍ പാവകുട്ടിയെ കിടത്തി ചുമ്മാ ജിങ്ങിള്‍ ബെല്ല്സ് പാടി...ഞങ്ങളെ കണ്ടു പാവം തോന്നിയതിനാലാവണം അവര്‍ അഞ്ചു രൂപ തന്നു...അത് ഞങ്ങള്‍ക്ക് പ്രജോദനമായി...അങ്ങനെ രണ്ടു മൂന്നു വീടുകള്‍ കയറി ഇറങ്ങി ഞങ്ങള്‍ മുടപ്പിലാം കുളത്തിന്‍റെ അവിടെ എത്തി..

മുടപ്പിലാവ് ക്ഷേത്രത്തിന്‍റെ കുളം...അന്ന് അത് കാട് പിടിച്ചു കിടക്കുകയാണ്...കുളത്തിനടിയില്‍ കാക്ക മുള്ളുണ്ടുത്രേ...അതില്‍ ചവിട്ടിയാല്‍ പിന്നെ കാല് വലിച്ചെടുക്കാന്‍ പറ്റില്ല പോലും...ഒരു പശു അങ്ങനെ മുങ്ങി പോകുന്നത് കുറെ ആളുകള്‍ കണ്ടിട്ടുണ്ട്.. ഇതൊക്കെ കേട്ടറിവുകളാണ്...നമ്മുടെ അവിടുത്തെ ചില ചേട്ടന്മാര്‍ അവിടെ ചൂണ്ട ഇടാന്‍ പോകാറുണ്ട്..അങ്ങനെ ഉള്ള കുളത്തിന്‍റെ അടുത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്...പാവം കുട്ടികള്‍...ക്ഷീണിച്ചു കാണും...മഹാനായ ഞാന്‍ അവരോടു കുളത്തിലിറങ്ങി കുളിക്കാന്‍ അനുവാദം കൊടുത്തു...ഓരോരുത്തരായി ഇറങ്ങാന്‍ തയ്യാറായി നിക്കുമ്പോള്‍ അകലെ നിന്നും ആരോ വരുന്നു...വീടിനടുത്തുള്ള ചേച്ചി ആണ്...അവര്‍ ആകെ കൂവി വിളിച്ചു കൊണ്ട് വന്നു...'ഇറങ്ങല്ലേ മക്കളേ...കാക്ക മുള്ളുള്ള കുളാണ്..ശവം വരെ കിട്ടില്ല...' ഹും...ഞാന്‍ കുട്ടികള്‍ക്ക് അനുവാദം കൊടുത്തതാണ്...പിന്നെയാണോ ഈ ചേച്ചി ഇങ്ങനെ പറയുന്നത്...' ഞാന്‍ മനസ്സില്‍ വിചാരിച്ചു...എങ്കിലും അവര്‍ പറയുന്നത് മാനിച്ചു ഞാന്‍ കുട്ടി പട്ടാളത്തെ തിരിച്ചു വിളിച്ചു...

വീടിനടുത്തേക്ക് നടന്നു കൊണ്ടിരുന്നപ്പോള്‍ വെറുതെ ഒരു പേടി എന്നെ പിടികൂടി...'ഇനി എങ്ങാനും ഇതെല്ലാം അവര്‍ വീട്ടില്‍ ചെന്ന് പറയുമോ?' അങ്ങനെ ഞങ്ങള്‍ വീടിന്‍റെ വഴിയില്‍ എത്തി...സംശയം തെറ്റിയില്ല...അതാ വടിയുമായി എല്ലാ വീട്ടുകാരും നിക്കുന്നു...ഞാനും അനിയനും പതുക്കെ വീട്ടിലേക്ക് നടന്നു...അവിടെ അവര്‍ വിളിക്കുന്ന ചീത്തയോ..എന്‍റെ അനിയന്‍ ഒഴികെയുള്ള കുട്ടിപട്ടാളത്തിന് കിട്ടുന്ന അടിയുടെ ശബ്ദമോ എന്നെ ഭയപെടുത്തിയില്ല...കാരണം വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന അവസ്ഥ എന്‍റെ മനസിനെ മരവിപ്പിച്ചിരുന്നു...വിചാരിച്ച പോലെ തന്നെ വീടിനു മുന്‍പില്‍ അമ്മ വടിയുമായി നില്‍ക്കുന്നു..അനിയന് അടി വീഴുന്നത് കണ്ടതും ഞാന്‍ ഓടി..വീടിനുള്ളില്‍ കിടപ്പ് മുറിയില്‍ കയറി വാതിലിനു സാക്ഷയിട്ടു...

അന്ന് അമ്മയും, അനിയനും ചേട്ടനും എവിടെ കിടന്നുറങ്ങി എന്നു ഇപ്പോഴും എനിക്കറിയില്ല...പിറ്റേന്ന് കാലത്ത് എണീറ്റ്‌ പുറത്തു വരുമ്പോഴേക്കും അമ്മയുടെ ദേഷ്യം കുറഞ്ഞിരുന്നു...പക്ഷെ ഗള്‍ഫില്‍ ഉള്ള അച്ഛന്‍ വിളിച്ചപ്പോള്‍ സംഭവ വികാസങ്ങള്‍ എല്ലാം അമ്മ അച്ഛനോട് വിവരിച്ചു...ഇങ്ങനെ ഒന്നും ചെയ്യരുതുട്ടോ മോനെന്നു അച്ഛന്‍ പറഞ്ഞപ്പോള്‍ എല്ലാം ഞാന്‍ തല കുലുക്കി സമ്മതിച്ചു...അന്ന് കോഴി കറിയുമായി വന്ന ഗ്രെസിമാമ ചോദിച്ചു...'ഇന്നലെ രാത്രി മുഴുവന്‍ കിടപ്പ് മുറിയില്‍ വെളിച്ചം കണ്ടല്ലോ...എന്ത് പറ്റി...' അമ്മ എന്നെ നോക്കുന്നത് കണ്ടു ഞാന്‍ ഒന്നും അറിയാത്തത് പോലെ പുറത്തോട്ടു നടന്നു...ഇനി എന്ത് കുരുത്തകേട്‌ ചെയ്യാം എന്നു ചിന്തിച്ചു കൊണ്ട്.....!!

3 comments:

mithra said...

ഏതാ ആ കുളം ?ആ മുള്ളുകള്‍ ഇപ്പോഴും അവടെ ണ്ടോ ആവൊ ...ആ കുളത്തിന്‍റെ ഉള്ളിലെക്കിങ്ങനെ ഊളിയിട്ടു പോകാന്‍ കൊതിയാവുന്നു ......

പാര്‍ത്ഥസാരഥി said...

വിടൂല ഞാന്‍... :)

Mini Manojkumar said...

Daa....virutha....kollalo