Wednesday, 23 May 2012

വിട

ഇന്നു അവന്‍ ഈ സ്ഥാപനത്തോട് വിട പറയുകയാണ്..നീണ്ട അഞ്ചു വര്‍ഷത്തെ സമയത്തിന് ശേഷം വിട പറയുന്ന അവന്‍റെ ആദ്യ ദിവസം പെട്ടന്ന് ഓര്‍മ വന്നു..പതിവ് പോലെ ഓഫീസില്‍ വന്നു കസേരക്കരികില്‍ എത്തിയപ്പോള്‍; അതാ എന്‍റെ സീറ്റില്‍ ഏതോ ഒരുത്തന്‍ ഇരിക്കുന്നു..കണ്ടാല്‍ ഒരു പാവത്താന്‍...അവന്‍ എന്നെ നോക്കി പതിയെ ചിരിച്ചു...എന്‍റെ കസേരയില്‍ ഇരുന്നതിന്റെ  അരിശം മുഖത്ത് കാണിക്കാതെ ഞാന്‍ അരികില്‍ കിടന്ന ഒരു കസേര വലിച്ചു അടുത്തിരുന്നു...പുതിയതായി ജോലിക്ക് കയറിയ സഖാവ് മലയാളി ആണ്...മുന്‍പ് ഞാന്‍ ഒരിക്കല്‍ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്..ഏതോ എക്സ്ചേഞ്ച് ഇല്‍ ആയിരുന്നുത്രേ മുന്‍പ് ജോലി..ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ പറഞ്ഞു കൊടുത്തു..അന്ന് ഒരുമിച്ചു ആണ് ഭക്ഷണം കഴിക്കാന്‍ പോയത്..അന്ന് തുടങ്ങിയ സൗഹൃദം.അഞ്ചു വര്‍ഷം കടന്നു പോയത് എത്ര പെട്ടന്നാണ്..

കാലത്ത് ഒന്‍പതു മണി ആയപ്പോള്‍ ഫോണ്‍ വന്നു...'എടാ...ചായ കുടിക്കാന്‍ പോവാം..' കഴിഞ്ഞ പല വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ശീലം..അവനെ കൊണ്ട് ചായ ഉണ്ടാക്കിച്ചു, അവന്‍ കൊണ്ട് വരുന്ന  സാന്‍ഡ് വിച്  കൃത്യമായി പകുതിയാക്കി കഴിച്ചും ഓഫിസ് പാന്‍ട്രി യില്‍ വെടി പറഞ്ഞിരിക്കുന്ന ശീലം..'നാളെ മുതല്‍ നീ എന്ത് ചെയ്യും...നിനക്ക് എന്‍റെ കൂടെ ഇരുന്നു ചായ കുടിക്കാനുള്ള ഭാഗ്യം നഷ്ടപെടുകയല്ലേ..' ഞാന്‍ ചോദിക്കുന്നത് കേട്ട് അവന്‍ ചിരിച്ചു....' ഞാന്‍ കാലത്ത്  ഇവിടെ വന്നു നിനക്ക് ചായ ഉണ്ടാക്കി തന്നിട്ട് പോകാം ...എന്തേ? '  

കുറച്ചു കഴിഞ്ഞു അവന്‍റെ സീറ്റില്‍ പോയപ്പോള്‍ അവന്‍ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു..ആരോ അടുത്ത് വന്നത് കണ്ടു പെട്ടന്ന് അവന്‍ അത് മറച്ചു.പിന്നെ ഞാന്‍ ആണെന്ന് കണ്ടപ്പോള്‍ വീണ്ടും ടൈപ്പ് ചെയ്യാന്‍ തുടങ്ങി..'ഓഹോ...പിരിഞ്ഞു പോകുന്നവന്‍റെ അവസാന നുണ പറച്ചില്‍ ആണല്ലേ..' ഞാന്‍ ചോദിച്ചു..ഇത്രയും എന്നെ വളരാന്‍ സഹായിച്ച മാനേജര്‍ക്ക് എന്‍റെ സ്നേഹത്തില്‍ ചാലിച്ച വിട...നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മാങ്ങതോലി ആയി പോയേനെ എന്നൊക്കെയുള്ള സ്ഥിരം നുണകള്‍..ഇന്നു കാലത്ത് ചായ കുടിക്കുമ്പോള്‍ കൂടെ ചീത്ത വിളിച്ച മാനേജര്‍ നെ പറ്റി തന്നെ ആണല്ലോ ഇതു എഴുതുന്നത്‌ എന്നു ഓര്‍ത്തപ്പോള്‍ ചിരി വന്നു...എന്നാണാവോ എനിക്കും ഇതു പോലെ നുണകള്‍ എഴുതാന്‍ കഴിയുക...

ഉച്ചക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ അവന്‍ ചോദിച്ചു..'എടാ ഒരു ബിരിയാണി വാങ്ങി പകുതി പകുതി കഴിച്ചാല്‍ പോരെ..വിശപ്പില്ല..' ഇനി ഇവിടെ നിന്നു ഭക്ഷണം കഴിക്കാന്‍ കഴിയില്ല എന്നു അവനെ ഓര്‍മിപ്പിച്ചു ഞാന്‍ പറഞ്ഞു..' ബാക്കി വന്നാല്‍ ഞാന്‍ കഴിച്ചോളാം..ഇന്നു അവസാന ദിവസമായിട്ടു പകുതി ആക്കണ്ട' അങ്ങനെ ഭക്ഷണം വാങ്ങി ഞങ്ങള്‍ തിരിച്ചു പോയി...പറഞ്ഞ പോലെ തന്നെ അവനു അത് മുഴുവന്‍ കഴിക്കാന്‍ കഴിഞ്ഞില്ല..പിന്നെ എന്നെത്തെയും പോലെ ഞാന്‍ അത് മുഴുവനും കഴിച്ചു തീര്‍ത്തു..(എന്താണെന്നറിയില്ല..എനിക്ക് ഭക്ഷണം കളയാന്‍ പണ്ടേ ഇഷ്ടമല്ല...)

അവന്‍ അയച്ച വിട കുറിപ്പില്‍...എല്ലാവര്‍ക്കും നന്ദി പറഞ്ഞ കൂട്ടത്തില്‍ എന്‍റെയും, വേറെ സുഹ്രത്തിന്റെയും പേര് വെച്ചില്ല ഇന്നു പറഞ്ഞു ഞങ്ങള്‍ അവനെ ചൊടിപ്പിച്ചു..അഞ്ചു മണി ആവുമ്പോഴേക്കും അവന്‍ വിളിച്ചു ചോദിച്ചു' എടേ..പോകാം...' ഞാന്‍ പറഞ്ഞു.. ' ചേട്ടാ...നീ മാത്രമേ ഇവിടെ നിന്നു വിട പറയുന്നുള്ളൂ...നീ നിന്‍റെ സ്വന്തം ഇഷ്ടത്തിന് പോകുമ്പോള്‍ , ഇവന്മാര്‍ എന്നെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കണം എന്നുള്ളതാണോ നിന്‍റെ ഉദ്ദേശം?' അങ്ങനെ അവസാനം ആറു മണി ആയപ്പോള്‍ ഞങ്ങള്‍  ഇറങ്ങി...ലിഫ്റ്റില്‍ താഴേക്ക്‌ ഇറങ്ങി പുറത്തോട്ടു നടക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി...മുഖവും, ചെവിയും എല്ലാം ചുവന്നിരിക്കുന്നു...കൂടെ ഉണ്ടായിരുന്ന വേറെ കൂട്ടുകാരന്‍ ചോദിച്ചു...'നിനക്ക് കരച്ചില്‍ വരുന്നുണ്ടോ...' മറുപടി ആയി അവന്‍ പറഞ്ഞു...'ഇല്ല..ഇവിടെ നിന്നു രക്ഷപെടുന്നതിന്റെ സന്തോഷമാണ്...ഞങ്ങള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു... ഞങ്ങള്‍ വേറെ എന്തൊക്കെയോ സംസാരിച്ചു മുന്നോട്ടു നടക്കുന്നതിനു ഇടയില്‍ അവന്‍  അഞ്ചു വര്‍ഷം താന്‍ ജോലി ചെയ്തിരുന്ന ആ കെട്ടിടത്തിലേക്ക് അവന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി കൊണ്ടിരുന്നു...

2 comments:

Arun said...

അസ്സലായിട്ടുണ്ട്..

Mini Manojkumar said...

Nannayittundu. Onnu vedana thonnippichu