Friday, 25 February 2011

ദൈവത്തിനു ഇഷ്ടമുള്ള കുട്ടി..

അന്നൊരു ഞാറാഴ്ച ആയിരുന്നു...കാലത്ത് 10 മണിയായപ്പോള്‍ ഒരു ഫോണ്‍ കാള്‍ വന്നു...ഫോണ്‍ എടുത്ത അച്ഛന്‍റെ ശബ്ദം മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു...എന്തോ അശുഭ വാര്‍ത്ത കാറ്റില്‍ കലരുന്നതായി എനിക്ക് തോന്നി....ഫോണ്‍ വെച്ച് തിരിഞ്ഞ അച്ഛന്‍റെ മുഖം ആകെ വിളറിയിരുന്നു....പ്രതീക്ഷിച്ച പോലെ തന്നെ അതൊരു ദുരന്ത വാര്‍ത്തയായിരുന്നു...വിജയ്‌...എന്‍റെ അനിയന്‍റെ കൂട്ടുകാരന്‍....പല വട്ടം ഞാന്‍ അനിയന്‍റെ കൂടെ അവന്‍റെ വീട്ടില്‍ പോയിട്ടുണ്ട്...അവനെ പാമ്പ് കടിച്ചുത്രേ....

ഒരു ഇടത്തരം ക്രിസ്തീയ കുടുംബമായിരുന്നു ടോണി ഏട്ടന്‍റെതു...മൂന്നു ആണ്‍കുട്ടികള്‍...മൂത്തവന്‍ വിജീഷ്, രണ്ടാമന്‍ വിലാഷ് മൂന്നാമന്‍ വിജയ്‌...എന്‍റെ ചേട്ടന്‍റെ കൂടെ പഠിച്ചിരുന്ന വിലാഷ് ഒരു ബസ്‌ ഇടിച്ചു മരിച്ചത് ആ കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു..ഇടയ്ക്ക് വീട്ടില്‍ അതേ പറ്റി പറയാറുണ്ടായിരുന്നു...ആ സംഭവത്തിന്‌ ശേഷം ടോണി ഏട്ടനും ചേച്ചിയും കുട്ടികളെ വളരെ സൂക്ഷിച്ചാണ് വളര്‍ത്തിയിരുന്നത്...സ്കൂള്‍ വിട്ടാല്‍ വീട്...വേറെ എങ്ങോട്ടും അവരെ വിടാന്‍ ആ അച്ഛനമ്മമാര്‍ക്ക് പേടിയായിരുന്നു...എന്നിട്ടും സംഗീതത്തെ ഇഷ്ടപെട്ടിരുന്ന അവര്‍ അവനെ തൊട്ടടുത്ത വഴിയിലുള്ള വയലിന്‍ മാഷടെ വീട്ടില്‍ ക്ലാസ്സിനയച്ചിരുന്നു...അവിടെ നിന്നു തിരിച്ചു വരുമ്പോഴാണ് അവനെ പാമ്പ് കടിച്ചത്..

വിജയ്‌...നല്ല കഴിവുള്ള ഒരു കുട്ടി...നന്നായി പഠിക്കും..നന്നായി പാടും..നന്നായി വയലിന്‍ വായിക്കും...എന്നും അവന്‍ സ്കൂള്‍ വിട്ടു ഞങ്ങളോടോപ്പമാണ് വീട്ടിലേക്കു നടക്കുക...അവന്‍റെ വീടിന്‍റെ അവിടുന്നു കുറച്ചു കൂടി നടക്കണം ഞങ്ങളുടെ വീട്ടിലേക്ക്..അവന്‍ സ്കൂള്‍ ഡേയ്ക്ക് പാടിയ കൊളോണിയല്‍ കസിന്‍സിന്റെ..കൃഷ്ണാ നീ ബേഗനേ..ബാരോ..എന്ന പാട്ട് എന്‍റെ മനസിലൂടെ മിന്നി മറഞ്ഞു...എന്‍റെ മുടപ്പിലാം തേവരേ...അവനൊന്നും പറ്റരുതേ..!!പൂജാ മുറിയിലിരിക്കുന്ന കൃഷ്ണന്‍ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി...

അന്ന് രാത്രി വീണ്ടും ഒരു ഫോണ്‍ കാള്‍...വിജയ്‌ മരിച്ചു..ഇത്രയധികം ആളുകളുടെ പ്രാര്‍ത്ഥന ഭഗവാന്‍ കേട്ടില്ലെന്നുണ്ടോ..?? പിറ്റേന്ന് കാലത്ത് ഞങ്ങള്‍ അവന്‍റെ വീട്ടിലേക്ക് പോയി...എപ്പോഴും വിജനമായി കിടന്നിരുന്ന ആ വീട്ടില്‍ നിറച്ചും ആളുകള്‍...ഞങ്ങള്‍ പതുക്കെ ഗേറ്റ് കിടന്നു നടന്നു...വീട്ടിലെ പൂന്തോട്ടത്തിനു നടുവില്‍ ഒരു അലങ്കരിച്ച ബെഞ്ചില്‍ ഒരു വാടിയ പൂ പോലെ അവന്‍ അവന്‍ കിടക്കുന്നു...കൈകളില്‍ പിടിപ്പിച്ച ചെറിയ കുരിശു തിളങ്ങുന്നുണ്ടായിരുന്നോ.....അവിടെ നിന്നിരുന്ന മഞ്ഞ നിറത്തിലുള്ള മുളം കൂട്ടം കാറ്റില്‍ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു...എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി...ഞാന്‍ പുറത്തേക്കു ഓടി കാറില്‍ കയറി ഇരുന്നു...ഈശ്വരാ..ടോണി ഏട്ടനും, ചേച്ചിക്കും എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ...തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ കരഞ്ഞു കൊണ്ടിരുന്ന അനിയനെ സമാധാനിപ്പിക്കാന്‍ അച്ഛന്‍ പറഞ്ഞു...'കരയണ്ട മോനെ...ദൈവത്തിനു ഇഷ്ടമുള്ള ആളുകളെ ദൈവം വേഗം തിരിച്ചു വിളിക്കും..'

കാലം കുറെ കഴിഞ്ഞു...നാട്ടില്‍ പോയപ്പോള്‍ ആ വഴിയിലൂടെ ഞാന്‍ വീണ്ടും നടന്നു...ടോണി ഏട്ടന്‍ അവിടെ നിന്നു വീട് മാറി പോയിരുന്നു...രണ്ടു കുട്ടികളുടെ മരണം നടന്ന ആ വീടിനോട് അവര്‍ക്ക് വെറുപ്പ്‌ തോന്നി കാണണം...എപ്പോഴും വൃത്തിയായി കിടന്ന മുറ്റത്ത്‌ ആകെ ചപ്പും ചവറും നിറഞ്ഞിരിക്കുന്നു...നിറയെ റോസാ പുഷ്പങ്ങള്‍ വിരിഞ്ഞു നിന്നിരുന്ന പൂന്തോട്ടം വാടി കരിഞ്ഞു പോയിരിക്കുന്നു..മഞ്ഞ നിറത്തിലുള്ള മുളം കൂട്ടം മാത്രം അപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടില്‍ കല പില ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.....!!

4 comments:

αкнιℓ said...

nice...

Unknown said...

great....

mithra said...

നല്ല ഭാഷ ...!!!! കാച്ചി കുറുക്കിയ പ്രയോഗങ്ങള്‍ നല്ലത് !
--

Mini Manojkumar said...

Sankadayii...