'നീ ഇന്നു മുതല്‍ ഇവിടെയാണ് താമസിക്കാന്‍ പോകുന്നത്..' ചെറിയച്ചന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ മുന്നിലുള്ള
കെട്ടിടങ്ങളിലേക്ക് നോക്കി..വസന്ത് വിഹാര്‍ സിബിഐ കോളനി...ആഹാ ഞാന്‍ ഇനി സിബിഐ ആളുകള്‍ക്കൊപ്പമാണോ താമസിക്കാന്‍ പോകുന്നത്..ഈശ്വരാ കാത്തു കൊള്ളൂ .. തെളിയിക്കാന്‍ പറ്റാത്ത വല്ല കേസ് ഉണ്ടെങ്കില്‍ എന്‍റെ പേരില്‍ ഇടുമോ ആവോ? ഞാന്‍ ചെറിയച്ഛന്റെ കൂടെ പതുക്കെ ഉള്ളിലേക്ക് നടന്നു..ഒരു കെട്ടിടത്തിലെ ഇടുങ്ങിയ ഒരു കോണി കയറി മുകളിലെത്തി ബെല്‍ അടിച്ചു..ഒരു അമ്പതു വയസു പ്രായം തോന്നിക്കുന്ന ഒരാള്‍ വാതില്‍ തുറന്നു...'വരൂട്ടോ...ഇവിടെ ഇരിക്കു' ഒരു കസേര ചൂണ്ടി കാണിച്ചു അയാള്‍ പറഞ്ഞു...
കെട്ടിടങ്ങളിലേക്ക് നോക്കി..
ശശിധരന്‍ നായര്‍ എന്നാണ് ആളുടെ പേര്...തിരുവനന്തപുരം ആണ് സ്വദേശം...ഏകദേശം മുപ്പതു കൊല്ലത്തോളമായി സിബിഐ യില്‍ ഡ്രൈവര്‍ ആണ്...ഭാര്യ, രണ്ടു ആണ്‍ മക്കള്‍..അവര്‍ നാട്ടില്‍ ആണ്.. ഇടക്ക് ഇവിടെ വന്നു പോകും..ചെറിയച്ചന്‍ വാടകയെ പറ്റിയും,ഭക്ഷണത്തെ പറ്റിയുമെല്ലാം സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പതുക്കെ ചുറ്റും ഒന്ന് കണ്ണോടിച്ചു..കയറി ചെല്ലുന്ന ഒരു മുറി...അവിടെ നിന്നു പുറത്തേക്കൊരു ചെറിയ ബാല്‍ക്കണി ...പിന്നെ ഒരു കിടപ്പ് മുറി..ഒരു കൊച്ചു അടുക്കള..ഒരു കുളിമുറി...ഇത്രയും ആണ് ആ ഫ്ലാറ്റ്.. കയറി ചെല്ലുന്ന മുറിയില്‍ ഒരു കട്ടിലിട്ടിട്ടുണ്ട്...അവിടെയാണ് അദേഹത്തിന്റെ കിടപ്പ്..ആ മുറിയില്‍ ബാക്കി ഉള്ള ചെറിയ ഒരു സ്ഥലത്താണ് എനിക്ക് തല ചായ്ക്കാന്‍ പതിച്ചു കിട്ടിയിരിക്കുന്നത്...ബെഡ് റൂം എന്നു പറയപ്പെടുന്ന ഒരു ചെറിയ മുറി അയാള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്..ഒരു ബീഹാറി ആണ് അതില്‍ താമസം..'അപ്പൊ ശെരി..അടുത്ത ആഴ്ച ഇവന്‍ താമസം മാറും' ചെറിയച്ചന്‍ പറയുന്ന കേട്ട് ഞാന്‍ ദയനീയമായി അദേഹത്തെ നോക്കി..ഞങ്ങള്‍ പുറത്തോട്ടിറങ്ങി നടന്നു...സിബിഐ, ബീഹാറി...ദൈവമേ...എന്താകുമോ എന്തോ? എനിക്കാകെ തല ചുറ്റുന്ന പോലെ തോന്നി...തിരിച്ചു നടക്കുമ്പോള്‍ പതുക്കെ ഞാന്‍ സിബിഐ കോളനി എന്നു എഴുതിയ ബോര്‍ഡില്‍ നോക്കി...നാട്ടില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നിലെ ബോര്‍ഡും ഏകദേശം ഇതുപോലെ തന്നെ ആണോ എന്നു എനിക്ക് തോന്നി...
അങ്ങനെ പിന്നീട് വന്ന ഞായറാഴ്ച ഞാന്‍ അവിടേക്ക് താമസം മാറി...ചെറുതെങ്കിലും വൃത്തിയുള്ള മുറി...ഷെല്‍ഫില്‍ ഒരു സായി ബാബയുടെ പടം വെച്ചിട്ടുണ്ട്..ഞാന്‍ എന്‍റെ സാധന സാമഗ്രികളെല്ലാം ഒരു മൂലയില്‍ അടുക്കി വച്ചു..ബാല്‍ക്കണിയില്‍ നിറയെ ചെടിച്ചട്ടികള്‍ അടുക്കി വെച്ചിരിക്കുന്നു..അതില്‍ എല്ലാം നല്ല ഭംഗിയുള്ള പൂക്കള്‍ ഉണ്ടായി നില്‍ക്കുന്നു..അവിടെ നിന്നു നോക്കിയാല്‍ മുന്നിലെ സണ്‍ഡേ മാര്‍ക്കറ്റ് കാണാം...ശാന്തത നിറഞ്ഞ റോഡ്...തെല്ലൊന്നു ആശ്വാസം തോന്നി...ബെഡ്റൂമില്‍ താമസിക്കുന്ന ബീഹാറി നാട്ടില്‍ പോയിരിക്കുകയാണ്...അവനെ പറ്റി അയാള്‍ പറഞ്ഞത് മുഴുവന്‍ ചീത്ത വാക്കുകളാണ്...
അന്ന് രാത്രി ഞാന്‍ പുറത്തു പോയി ഭക്ഷണം കഴിച്ചു...തിരിച്ചു വന്നപ്പോള്‍ അയാള്‍ പറഞ്ഞു..'ഭക്ഷണം ഞാന്‍ ഉണ്ടാക്കുന്നുണ്ട്...നിനക്കും ഞാന്‍ ചോറ് വെക്കാം..അത്ര നല്ല പാചകം ഒന്നും അല്ല...നിനക്കിഷ്ടപെടോന്നു അറിയില്ല...' ഞാന്‍ പറഞ്ഞു 'കുഴപ്പമില്ല...എന്തായാലും എനിക്ക് പ്രശ്നം ഇല്ല' ഒരു വര്‍ഷത്തോളമായി തലസ്ഥാന നഗരിയില്‍ എത്തിയിട്ട്...ആദ്യമാദ്യം അവിടുത്തെ ഭക്ഷണ രീതികളോട് പൊരുത്തപെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല...പാലക്കാടുള്ള ബന്ധുവീട്ടില്‍ പോവുമ്പോള്‍, മട്ട അരി ചോറ് ഇല്ലെങ്കില്‍ ഭക്ഷണം വേണ്ട എന്നു പറഞ്ഞിരുന്ന ഞാന്‍ ഇപ്പോള്‍ എന്നും കഴിക്കുന്നത് ഓഫീസിനു അടുത്തുള്ള തമിഴന്‍റെ തട്ടുകടയിലെ പന്ത്രണ്ടു രൂപയുടെ രാജമ ചാവല്‍ ആണ്...അങ്ങനെ ഉള്ള എനിക്കാണോ ഇയാള്‍ വെക്കുന്ന ചോറ് കഴിക്കാന്‍ പ്രയാസം...പിറ്റേന്ന് കാലത്ത് ഞാന്‍ എണീറ്റ് കുളിച്ചു വരുമ്പോഴേക്കും അയാള്‍ പോയിരുന്നു...അടുക്കളയില്‍ ചായ ഉണ്ടാക്കി വെച്ചിരുക്കുന്നു...ചപ്പാത്തിയും ഉരുളകിഴങ്ങ് കറിയും അടച്ചു വെച്ചിരിക്കുന്നു..ദൈവമേ...രക്ഷപെട്ടല്ലോ...അതെല്ലാം സാപ്പിട്ട് ഞാന്‍ ഓഫീസിലേക്ക് വച്ചു പിടിച്ചു...രാത്രി ഒരുപാട് വൈകി ആണ് ഞാന്‍ തിരിച്ചെത്തിയത്..റൂം തുറന്നു ലൈറ്റ് ഇട്ടപ്പോള്‍ അയാള്‍ പറഞ്ഞു..'എന്താ നീ ഇത്രയും വൈകിയത്...ചോറും ദാലും അവിടെ അടച്ചു വെച്ചിട്ടുണ്ട്...' അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു എനിക്ക് മനസിലായി.. ചോറും ദാലും എടുത്തു കഴിച്ചു, കിടക്ക വിരിച്ചു കിടക്കാന്‍ പോയപ്പോള്‍ അയാള്‍ ചോദിച്ചു...'ഏങ്ങനെ ഉണ്ടായിരുന്നു ഭക്ഷണം?' ഞാന്‍ പറഞ്ഞു....അടിപൊളി...അത് അങ്ങോര്‍ക്ക് വല്ലാതെ പിടിച്ചു...'ഹാ ഹാ ഹാ....അടിപൊളി...' അയാള്‍ തിരിഞ്ഞു കിടന്നു...
അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസിലായി...എന്നും കാലത്ത് ചപ്പാത്തിയും, ഉരുളകിഴങ്ങ് കറിയും...രാത്രി ചോറും ദാലും..അതല്ലാതെ അങ്ങേര്‍ക്കൊന്നും വെക്കാന്‍ അറിയില്ല..എന്നും രണ്ടു പെഗ് മദ്യം കഴിച്ചില്ലെങ്കില്‍ അയാള്‍ ഉറങ്ങുകയുമില്ല...പക്ഷെ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഒന്നും ഇല്ല..എന്‍റെ ഭക്ഷണം കഴിഞ്ഞാല്‍ അയാള്‍ ചോദിക്കും..'ഏങ്ങനെ ഉണ്ട്?' ഞാന്‍ ചിരിച്ചുകൊണ്ട് പറയും....അടിപൊളി...അത് കേള്‍ക്കാന്‍ വേണ്ടിയാണു അയാള്‍ അത് ചോദിക്കുന്നത് എന്നു എനിക്കും അറിയാം..അത് കേട്ട് കഴിഞ്ഞാല്‍ അയാള്‍ സമാധാനത്തോടെ തിരിഞ്ഞു കിടന്നുറങ്ങും...അതിനിടയില്‍ നമ്മുടെ കഥാനായകന്‍ തിരിച്ചെത്തി...നമ്മുടെ ബീഹാറി...ജിതെന്ദേര്‍...മെലിഞ്ഞു ഉണങ്ങി കറുത്ത ഒരു മനുഷ്യന്‍...നേരെ നിക്കാന്‍ പോലും ആവുതില്ലെങ്കിലും അഹങ്കാരത്തിന് കുറവൊന്നുമില്ല..സംസാരം കേട്ടാല്‍ ആര്‍ക്കും ഒന്ന് തല്ലാന്‍ തോന്നും..ഭൂമിയിലുള്ള എന്തിനെ പറ്റി ചോദിച്ചാലും അവന്‍റെ കയ്യില്‍ മറുപടി ഉണ്ട്..നുണ കഥകള്‍ ഇത്ര മനോഹരമായി ഏങ്ങനെ ഉണ്ടാക്കുന്നു എന്നുള്ളത് അവനു മാത്രം അറിയാവുന്ന രഹസ്യമാണ്...ശശിധരന്‍ നായര്‍സാബ് ബീഹാറിയെ ചീത്ത വിളിക്കാത്തത് ആകെ അയാളോടൊപ്പം ഇരുന്നു കള്ള് കുടിക്കുമ്പോള്‍ മാത്രമാണ്...
'എടാ...ഞാന്‍ നിന്‍റെ അടുത്തേക്ക് വരുന്നു...' എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ഫോണ്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ ശശിധരന്‍ നായരോട് ചോദിച്ചു...'എന്‍റെ കൂട്ടുകാരന്‍ വരുന്നുണ്ട്...അവനെ കൂടെ ഇവിടെ താമസിപ്പിക്കട്ടെ?' വെള്ളമടിചിരിക്കുന്നതിനാല്‍ ബീഹാറിയുടെ എതിര്‍പ്പ് അയാള്‍ വക വെച്ചില്ല...അങ്ങനെ എന്‍റെ കൂട്ടുകാരനും ഞങ്ങളുടെ കൂടെ താമസം തുടങ്ങി...അവന്‍ ഒരു ബിപിഓയില്‍ ജോലിക്ക് കയറി...ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അയാള്‍ ഭക്ഷണം വച്ചു തന്നു...ദാല്‍ മിക്കവാറും ദിവസം ബാക്കിയാകും..നല്ല കുട്ടിയായി ദാല്‍ മുഴുവനും, താത്പര്യമില്ലെങ്കില്‍ പോലും ശശിധരന്‍ നായരെ പേടിച്ചു കഴിച്ചിരുന്ന എന്നെ; എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ദാല്‍ പാക്കറ്റില്‍ ആക്കി പുറത്തേക്കു വലിച്ചെറിയുന്ന വിദ്യ പഠിപ്പിച്ചു തന്നു...ഓഫീസില്‍ നിന്നു മിക്കവാറും ദിവസം നേരം വൈകി വന്നിരുന്ന ഞാന്‍ ഒരു ദിവസം അടുക്കളയില്‍ ബീഫ് ഫ്രൈ കണ്ടു ഞെട്ടി...പിള്ള(ശശിധരന്‍ നായരെ ഞങ്ങള്‍ വിളിച്ചിരുന്നത് പിള്ള എന്നാണ്, നായര്‍, പിള്ള എല്ലാം ഒന്ന് തന്നെ) ഹാ...അപ്പോള്‍ പിള്ള എന്തായാലും ബീഫ് വെക്കില്ല എന്നു എനിക്കറിയാമായിരുന്നു..ദാല്‍, ഉരുളകിഴങ്ങ് കറി...ഇതല്ലാതെ ഒന്നും അങ്ങേര്‍ക്കു വെക്കാന്‍ അറിയില്ലല്ലോ...'ഇന്നും എങ്ങനെയാ ഈ മുടിഞ്ഞ ദാല്‍ കഴിക്കാ??..ഞാന്‍ പുറത്തു പോയി ബീഫ് വാങ്ങി വന്നതാണ്' കൂട്ടുകാരന്‍ പറയുന്ന കേട്ട് മനസ്സില്‍ സന്തോഷമാണ് തോന്നിയതെങ്കിലും അവനെ ഞാന്‍ ശാസിച്ചു..പിള്ള എങ്ങാനും അറിഞ്ഞാല്‍ പ്രശ്നമാണ്..ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് ഞാന്‍ തന്നെ അത് വാങ്ങി വരാന്‍ തുടങ്ങി എന്നുള്ളത് വേറെ സത്യം..
അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു...മിക്ക ദിവസങ്ങളിലും ദാല്‍ പാക്കറ്റില്‍ കെട്ടി പുറത്തോട്ടു എറിഞ്ഞു കളയും...പകരം ബീഫ് ഫ്രൈ വാങ്ങി വരും..അവിടെ വേനല്‍ കാലത്ത് വെള്ളത്തിന്‍റെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്...ടാങ്കറില്‍ വെള്ളം വരുന്നത് കാലത്ത് വളരെ നേരത്തെ ആണ്...പിള്ള താഴെ പോയി ബക്കറ്റില്‍ വെള്ളം കൊണ്ട് വന്നു പാത്രങ്ങളിലെല്ലാം നിറച്ചു വെക്കും..ഞങ്ങള്‍ വിളിച്ചാല്‍ എണീക്കില്ല എന്നു തോന്നിയതിനാല്‍ ആണോ എന്തോ...ഞങ്ങളെ വിളിക്കാറില്ല...ഞങ്ങള്‍ ഒട്ടു കണ്ട ഭാവം നടിക്കുക്കയും ഇല്ല..ബീഹാറി ഞങ്ങളെ പതിവ് പോലെ വെറുപ്പിച്ചു കൊണ്ടിരുന്നു..ഏതോ മുന്‍ ജന്മ പുണ്യം ചെയ്തതിനലാകണം എന്‍റെ കയ്യില്‍ നിന്നും തല്ലു വാങ്ങാതെ അവന്‍ രക്ഷപെട്ടു..അതിനിടയില്‍ പിള്ള പറഞ്ഞു...'എടാ നീ ഒരു പാത്രം വാങ്ങിയാല്‍ ഞാന്‍ നാലു ചപ്പാത്തി കൂടുതല്‍ ഉണ്ടാക്കാം, നിനക്ക് കൊണ്ട് പോകാനായി..' എനിക്ക് ഉച്ചക്ക് നല്ല ഭക്ഷണം കിട്ടാന്‍ പ്രയാസമാണെന്ന് അറിയാവുന്ന അയാള്‍ പറഞ്ഞു..അങ്ങനെ ഞാന്‍ ഭക്ഷണം കൊണ്ട് പോയി തുടങ്ങി...ഇടക്കിടക്ക് അയാള്‍ പറയുമായിരുന്നു..'നീ ഇവിടെ വന്നിട്ടുള്ളതും, ഞാന്‍ ഇവിടെ വന്നിട്ടുള്ളതും പൈസ ഉണ്ടാക്കാനാണ്...അത് കൊണ്ട് സൂക്ഷിച്ചു ചിലവാക്കിയാല്‍ മതി'
'എടാ നിനക്ക് ഞാന്‍ വിസ എടുത്തുട്ടോ, അടുത്ത ആഴ്ചക്ക് ടിക്കറ്റ് എടുത്തോളു..' വിദേശത്തുള്ള എന്‍റെ ചേട്ടന്‍ ഫോണ്‍ ചെയ്തു പറയുന്നത് കേട്ട് ഞാന്‍ പതുക്കെ ചിരിച്ചു...നല്ല തണുപ്പുള്ള ഒരു ക്രിസ്മസ് ദിവസം...ഓഫിസ് ഇല്ലാത്തതിനാല്‍ മൂടി പുതച്ചു സുഖമായി കിടന്നുറങ്ങിയ ഞാന്‍ ഉറക്കത്തില്‍ കണ്ട സ്വപ്നം ആണ് അതെന്നാണ് കരുതിയത്...കുറച്ചു കഴിഞ്ഞു എണീറ്റ് ഫോണില്‍ നോക്കിയപ്പോള്‍ ചേട്ടന്‍റെ നമ്പര്‍ കണ്ടു...' ദൈവമേ അത് സത്യമായിരുന്നോ? ഞാന്‍ ഉടന്‍ ചേട്ടനെ വിളിച്ചു..' എന്നെ വിളിച്ചിരുന്നോ ഇപ്പോള്‍? എന്താ എന്നോട് പറഞ്ഞത്?' എന്‍റെ ചോദ്യം കേട്ട് ചേട്ടന്‍ ചോദിച്ചു 'നീ മദ്യപിച്ചുട്ടുണ്ടോ ? നിനക്ക് ഞാന്‍ വിസ എടുത്തു...അടുത്താഴ്ച നീ ഇങ്ങോട്ട് വരണം..' ഒരു മാസമെങ്കിലും മുന്‍പ് പറയാതെ എനിക്ക് വിടാന്‍ പറ്റില്ല, എനിക്കിപ്പോ എങ്ങോട്ടും പോണ്ട എന്നുള്ള എന്‍റെ ഒഴിവുകഴിവുകള്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ചേട്ടന്‍ ഫോണ്‍ വച്ചു..അങ്ങനെ ഞാന്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചു..പോകുന്ന അന്ന് കാലത്ത് അഞ്ചു മണി ആയപ്പോഴേക്കും അയാള്‍ എനിക്കുള്ള ചായ തയ്യാറാക്കി...ഞാന്‍ പതിയെ യാത്ര പറഞ്ഞിറങ്ങി...അയാള്‍ എന്നെ ടിക്കറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയവ എടുക്കാന്‍ ഓര്‍മിപ്പിച്ചു...എയര്‍പോര്‍ട്ടില്‍ പോകാന്‍ ഓട്ടോയില്‍ കയറിയ ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി...എന്നെ തുടക്കത്തില്‍ പെടിപെടുത്തിയിരുന്ന ആ ബോര്‍ഡ് ഇന്നെന്റെ ഇഷ്ടപെട്ട സ്ഥലമായി മാറിയിരുന്നു...
ഇപ്പോള്‍ പിള്ള എവിടെ ആണെന്ന് എനിക്കറിയില്ല...പിന്നീട് ഞാന്‍ അവിടെ പോയപ്പോള്‍ അയാള്‍ റിട്ടയര്‍ ആയി നാട്ടില്‍ പോയി എന്നാണ് കേട്ടത്...പണ്ട് തന്ന നമ്പറില്‍ വിളിച്ചു നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു...അവിടെ എവിടെയോ ബീഹാറി ഉണ്ടെന്നു കേട്ട്...അവനെ കണ്ടു അയാളുടെ നമ്പര്‍ ചോദിച്ചു എങ്കിലും അവന്‍റെ കൈവശവും അതുണ്ടായിരുന്നില്ല...അവന്‍ പഴയ പോലെ പൊങ്ങച്ച കഥകള്‍ പറഞ്ഞു തുടങ്ങി...എന്തൊക്കെയാണെങ്കിലും ഇന്നും ദാല്‍ കണ്ടാല്‍ ഞാന്‍ അയാളെ ഓര്‍ക്കും..ഞാന്‍ കറി അടിപൊളി ആണെന്ന് പറയുമ്പോള്‍ അയാള്‍ പറയുന്ന ആ പ്രതേക തരത്തിലുള്ള മറുപടിയും.. .'ഹ ഹ ഹാ...അടിപൊളി.....!!!!'
3 comments:
നന്നായിട്ടുണ്ട്..വളരെ.. മനസ്സില്‍ തട്ടി.. :)
വളരെ നന്നായിട്ടുണ്ട്..
പിന്നെ ആ കൂട്ടുക്കാരനെ എനിക്ക് മനസ്സിലായി ...M P എന്നാണോ ഇപ്പോള്‍ അറിയപ്പെടുന്നത് :) :)
Nice story
Post a Comment